പത്തനാപുരം: ഗാന്ധിഭവനിൽ നടന്ന വയോജനദിനാചരണം ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവനിലെ 60 പിന്നിട്ട അന്തേവാസികളെ ചടങ്ങിൽ ആദരിച്ചു. അന്തേവാസികളായ അഹമ്മദ് മുസ്ലീം, ആനന്ദവല്ലി അമ്മ എന്നിവരെ രാജാവും രാജ്ഞിയുമായി തിരഞ്ഞെടുത്ത് കിരീടവും ചെങ്കോലും നൽകി ആദരിച്ചു. പ്രമുഖ നാടക രചയിതാവും സംവിധായകനും നടനുമായ കരുനാഗപ്പള്ളി സ്വദേശി അഹമ്മദ് മുസ്ലീം ആറുമാസം മുമ്പാണ് ഗാന്ധിഭവനിലെത്തുന്നത്. അടൂർ ഏനാത്ത് സ്വദേശിയായ ആനന്ദവല്ലി അമ്മ അവിവാഹിതയാണ്. ചിറ്റയം ഗോപകുമാർ എം.എൽ.എ. ഇടപെട്ട് രണ്ടുവർഷം മുൻപ് ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു.
എസ്. സുവർണ്ണകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും നടൻ ടി.പി. മാധവൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ സേവനം കാഴ്ചവെയ്ക്കുന്ന എസ്. സുവർണ്ണകുമാർ, എസ്. ആനന്ദകുസുമം, ആർ. രവീന്ദ്രൻപിള്ള, പി. സുദർശനൻ, അമ്മിണി ജോൺ കലയപുരം, ബി. രമണി, എസ്. ഇന്ദിരഅമ്മ, എസ്. സരളാദേവി എന്നിവർക്ക് പൊന്നാടയും പ്രശംസാപത്രവും നൽകി ബിന്ദു കൃഷ്ണ ആദരിച്ചു.