കൊല്ലം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എംപാനൽ ഡ്രൈവർമാരെ ഇന്നലെ പിരിച്ചുവിട്ടതോടെ ജില്ലയിൽ ഇന്ന് മുതൽ കെ.ആർ.ടി.സി സർവീസുകൾ താറുമാറാകും. വിവിധ ഡിപ്പോകളിലായി 400 എംപാനൽ ഡ്രൈവർമാരെയാണ് ജില്ലയിൽ പിരിച്ചുവിട്ടത്
ജില്ലയിൽ ആകെയുള്ള 542 സർവീസുകളിൽ 350ൽ താഴെ മാത്രമേ ഇന്ന് ഓപ്പറേറ്റ് ചെയ്യാൻ കഴിയൂ. വരും ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വീണ്ടും കുറയും. 542 ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്യാൻ കുറഞ്ഞത് 1264 ഡ്രൈവർമാർ വേണം. ഒരു ഷെഡ്യൂളിന് മൂന്ന് ഡ്രൈവർമാർ എന്നതാണ് അനുപാതം. പക്ഷെ, ജില്ലയിൽ 873 സ്ഥിരം ഡ്രൈവർമാരെ ഉള്ളു. ഇവരിൽ ചെറിയൊരു വിഭാഗം സ്ഥിരമായി ജോലിക്ക് വരാറില്ല. എല്ലാ ഡിപ്പോകളും എംപാനാലുകാരെ ആശ്രയിച്ചാണ് സർവീസുകൾ നടത്തിയിരുന്നത്.
വീക്കിലി ഓഫും ലീവും റദ്ദാക്കി എല്ലാവരും ഇന്ന് ജോലിക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓർഡിനറി സർവീസുകളാകും കൂട്ടത്തോടെ റദ്ദാക്കുക. ഇതോടെ ഗ്രാമപ്രദേശങ്ങളിൽ ഗതാഗത പ്രതിസന്ധി രൂക്ഷമാകും.
പുറത്തായ ഡ്രൈവർമാർ
കൊല്ലം: 43
കൊട്ടാരക്കര: 100
പുനലൂർ: 51
പത്തനാപുരം: 46
ചടയമംഗലം: 42
കുളത്തൂപ്പുഴ: 26
ആര്യങ്കാവ്: 6
കരുനാഗപ്പള്ളി: 51
ചാത്തന്നൂർ: 36