parking
Parking Garage

 റോഡ് വക്കിലെ പാർക്കിംഗ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു

കൊല്ലം: നഗരഹൃദയത്തെക്കാൾ വലിയ ബിസിനസ് ഹബായി മാറിക്കൊണ്ടിരിക്കുന്ന പള്ളിമുക്കിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതാണ് കുരുക്കിന്റെ പ്രധാനകാരണം.

കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലെ പരിമിതമായ സ്ഥലം നിറയുമ്പോൾ ശേഷിക്കുന്ന വാഹനങ്ങൾ റോഡ് വക്കിലാണ് പാർക്ക് ചെയ്യുന്നത്. ഇതോടെ ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെടും. തിരക്കേറിയ സമയങ്ങളിൽ പള്ളിമുക്ക് കടക്കാൻ കാൽമണിക്കൂറിലേറെ വേണ്ടിവരും. ഈ സമയത്ത് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ പോയിട്ട് വശങ്ങളിലൂടെ സഞ്ചരിക്കാൻ പോലും കഴിയില്ല. ഇക്കഴിഞ്ഞ ഓണക്കാലത്ത് പള്ളിമുക്ക് കടക്കാൻ വാഹനയാത്രക്കാർ പെട്ടപാട് ചില്ലറയല്ല.

 പള്ളിമുക്കിനെ അവഗണിച്ചു

നഗരഹൃദയത്തിൽ വിവിധ കേന്ദ്രങ്ങളിൽ നഗരസഭ പാർക്കിംഗ് കേന്ദ്രം ആരംഭിച്ചെങ്കിലും പള്ളിമുക്കിനെ അവഗണിച്ചു. മീറ്റർ കമ്പനിയുടെ ഭൂമിയിലും വെണ്ടർമുക്കിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും പാർക്കിംഗ് കേന്ദ്രം ആരംഭിക്കാൻ നഗരസഭ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ഒന്നും നടപ്പായില്ല.

 കൊല്ലത്തെ ബിസിനസ് ഹബ്

കച്ചവടത്തിന് ഏറ്റവും രാശിയുള്ള ഇടമെന്ന പെരുമയുള്ളതിനാൽ പള്ളിമുക്കിൽ ഓരോ ദിവസവും പുതിയ സംരംഭങ്ങൾ ഉയരുകയാണ്. പെരുമ പോലെ തന്നെ തുടങ്ങുന്ന സംരംഭങ്ങളിൽ ഭൂരിഭാഗവും വൻവിജയമായും മാറുന്നു. ഓണവും പെരുന്നാളും അടക്കമുള്ള ഉത്സവസമയങ്ങളിൽ മാത്രമല്ല സാധാരണ ദിവസങ്ങളിൽ പോലും പള്ളിമുക്ക് ജംഗ്ഷൻ ഇപ്പോൾ ഉറങ്ങാറില്ല.

 എൻജിനിയറിംഗ് കോളേജ്, ബി.എഡ് കോളേജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പള്ളിമുക്കിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് എല്ലാ ദിവസവും എത്തുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ റോഡ് മുറിച്ചുകടക്കാനാകാതെ ഏറെ ബുദ്ധിമുട്ടുകയാണ്. പള്ളിമുക്കിലെ ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ ഗതാഗത പ്രശ്നം ഉണ്ടാകാത്ത തരത്തിൽ മാറ്റി സ്ഥാപിക്കണം. പൊതുവായ ഒരു പാർക്കിംഗ് കേന്ദ്രം ആരംഭിച്ചാൽ ഗതാഗത പ്രശ്നം പരിഹരിക്കപ്പെടുന്നതിനൊപ്പം പള്ളിമുക്കിലെ വ്യാപാരവും മെച്ചപ്പെടും.

എ. അൻസാരി, ജില്ലാ സെക്രട്ടറി

വ്യാപാരി വ്യവസായി ഏകോപന സമിതി