mundakkal-road
തകർന്ന തുമ്പറ മുണ്ടക്കൽപാലം റോഡിൽ മഴ പെയ്ത് വെള്ളക്കെട്ടി നിൽക്കുന്നു

കൊല്ലം: മുണ്ടയ്‌ക്കലിൽ റോഡുകളെല്ലാം തകർന്ന് കിടക്കുന്നതിൽ ജനങ്ങൾക്ക് പ്രതിഷേധമില്ലെന്ന് ആവർത്തിച്ച് പറയുന്ന ജനപ്രതിനിധികൾ ഇടയ്ക്കൊക്കെ മുണ്ടയ്‌ക്കൽ വഴിയൊന്ന് പോയാൽ ജനരോഷം നേരിട്ടറിയാം. അത്രയ്‌ക്കുണ്ട് അവരുടെ വേദനകളും ദുരിതങ്ങളും.

ദിവസങ്ങൾക്ക് മുമ്പ് മുണ്ടയ്‌ക്കൽ പാലത്തിനടുത്തെ തകർന്ന റോഡിൽ കാൽവഴുതി വീണ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച കാര്യം വേദനയോടും അമർഷത്തോടെയുമാണ് പ്രദേശവാസിയായ ഒലിവർ ആന്റണി പങ്കുവച്ചത്. സഞ്ചരിക്കാൻ റോഡാണ് മുണ്ടയ്‌ക്കലിലെ ജനത ആവശ്യപ്പെടുന്നത്. ഇന്ന്, നാളെ എന്ന് പറഞ്ഞ് തങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിച്ചേ മതിയാകൂ എന്നാണ് ജനങ്ങളുടെ നിലപാട്.

നൂറ് കണക്കിന് കുട്ടികൾ നിത്യവും കാൽനടയായും സൈക്കിളിലും സ്‌കൂളിലേക്ക് പോകുന്ന വഴികളാണിത്. വീട്ടിൽ നിന്ന് രാവിലെ പോയത് പോലെയല്ല പലരും തിരികെ വരുന്നത്. റോഡിൽ വഴുതി വീണും സൈക്കിൾ മറിഞ്ഞും പരിക്ക് ഏൽക്കാത്ത കുഞ്ഞുങ്ങൾ കുറവാണ്. ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെട്ടെന്ന വാർത്ത കേൾക്കാത്ത ഒരു ദിവസം പോലും കഴിഞ്ഞ കുറെ മാസങ്ങളായി മുണ്ടയ്‌ക്കലിൽ ഇല്ല. അടിയന്തരമായി റോ‌ഡ് നിർമ്മാണം പൂർത്തീകരിച്ചില്ലെങ്കിൽ ജനകീയ പ്രതിരോധം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ജനങ്ങൾ.

.................................................................

 കാൽനട യാത്ര പോലും ദുഷ്‌കരമാണ്. മുണ്ടയ്ക്കൽ പാലത്തിനടുത്ത് കഴിഞ്ഞ ദിവസം പ്രായമായ വീട്ടമ്മ മറിഞ്ഞുവീണ് കൈയും മുഖവും പൊട്ടി. നിരവധി കൊച്ചുകുട്ടികളും ഇവിടെ മറിഞ്ഞ് വീഴുന്നുണ്ട്. മഴ പെയ്‌താൽ റോഡ് മുഴുവൻ ചെളിക്കെട്ടായി മാറുകയാണ്.

ഒലിവർ ആന്റണി

തയ്യിലഴികത്ത് തെക്കതിൽ

മുണ്ടയ്‌ക്കൽ

.........................................................................................

 അപകടകരമാണ് ഈ റോഡ്. സെക്കിളിലാണ് പോക്കും വരവും. രണ്ട് തവണ സൈക്കിളുമായി ഈ തകർന്ന റോഡിൽ മറിഞ്ഞുവീണു. ഭാഗ്യത്തിനാണ് വലിയ അപകടം പറ്റാത്തത്. ആരാണ് ഭരിക്കുന്നതിവിടെ ? അത്രയ്ക്ക് കഷ്ടമാണ്. നികുതി കൊടുത്തല്ലേ ജനങ്ങൾ കഴിയുന്നത്.

രാജഗോപാലനാചാരി

കുമാർവിലാസം

മുണ്ടയ്ക്കൽ

.............................................................................................

 ജനങ്ങൾക്ക് ബുദ്ധിമുട്ടാണ് ഈ റോഡ്. യാത്ര ചെയ്യാൻ പറ്റുന്നില്ല. ഒന്നര വർഷമായി ഈ ദുരവസ്ഥ തുടങ്ങിയിട്ട്. റോഡ് കരാർ നൽകിയിട്ട് മാസങ്ങളായെന്നാണ് മനസിലാക്കുന്നത്. പക്ഷേ നിർമ്മാണം നീണ്ടുപോവുകയാണ്.

ശ്രീഹർഷൻ

കൊച്ചുവീട്, മുണ്ടയ്‌ക്കൽ

...................................................................................................

 പലരും ഈ റോഡിൽ മറിഞ്ഞുവീഴുന്നുണ്ട്. നടന്നുപോകുന്നവർക്കും സൈക്കിളിൽ പോകുന്നവർക്കും പരിക്കേൽക്കുന്നു. റോഡ് നന്നാക്കണം. സങ്കടത്തോടെ പറയുകയാണ്, മുണ്ടയ്ക്കൽ മൊത്തം ഇങ്ങനെ കിടക്കുകയാണ്. മഴ മാനത്ത് കണ്ടാൽ ഭയന്നാണ് നടക്കുന്നത്.

ലതിക,

മുണ്ടയ്‌ക്കൽ പുളിമൂട്ടിലെ ചായക്കട ഉടമ

.................................................................................

 റോഡെല്ലാം തകർന്ന് കിടക്കുകയാണ്. കുഞ്ഞുങ്ങൾക്കാണ് കൂടുതൽ ആപത്ത്. നടന്നുവരുന്നവർ പോലും തെന്നി മറിഞ്ഞ് വീഴുകയാണ്. ഉത്തരവാദിത്വപ്പെട്ടവർ തിരിഞ്ഞുനോക്കുന്നില്ല.

പി. പ്രമോദ്

കനാൽ പുരയിടം

മുണ്ടയ്‌ക്കൽ

............................................................................................

 ഓട്ടോറിക്ഷ അടുത്തിടെ 2000 രൂപ ചെലവാക്കിയാണ് പണിഞ്ഞത്. റോഡ് നന്നാക്കി കിട്ടിയേ മതിയാകൂ. എങ്കിലേ ജീവിതവും വണ്ടിയും നന്നാവുകയുള്ളൂ.

ജോയി ഫ്രാൻസിസ്

മുണ്ടയ്‌ക്കൽ പുളിമൂട്ടിലെ ഓട്ടോറിക്ഷാ ഡ്രൈവർ

...............................................................................................

എത്രയോ നാളായി റോഡ് ഇങ്ങനെ കിടക്കുകയാണ്. പരാതി പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഇതിലേക്കുടെ വണ്ടി ഓടിച്ച് ആരോഗ്യം ഇല്ലാതാവുകയാണ്.

ജോസഫ് ജോബി

മുണ്ടയ്‌ക്കൽ പുളിമൂട്ടിലെ ഓട്ടോറിക്ഷാ ഡ്രൈവർ

..................................................................................

 എല്ലാ റോഡും തകർന്ന് കിടക്കുകയാണ്. പല വഴികളിലൂടെയും നടന്ന് പോലും പോകാൻ പറ്റില്ല. റോഡ് നല്ലതല്ലാത്തതിനാൽ ചിലയിടത്തേക്ക് ഓട്ടോക്കാരും വരില്ല. മഴ വന്നാൽ മൊത്തം വെള്ളക്കെട്ടാണ്. റോഡ് നന്നാക്കി തരണം.

ജ്യോതി ചിത്ര

പ്രീയാ ഭവനം, മുണ്ടയ്ക്കൽ വെസ്റ്റ്

............................................................................

 നഗരസഭ വീഴ്‌ച വരുത്തിയിട്ടില്ല: മേയർ

മുണ്ടയ്‌ക്കലിലെ എന്ന് മാത്രമല്ല ഒരിടത്തെയും റോഡുകളുടെ നിർമ്മാണത്തിൽ നഗരസഭ വീഴ്‌ച വരുത്തിയിട്ടില്ല. കരാർ നൽകിയ സ്ഥലങ്ങളിൽ റോഡ് നിർമ്മാണം തുടങ്ങുന്നതിന് മഴ തടസമായി. പുതിയ നിർമ്മാണ ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. 22 റോഡുകളുടെ ടെണ്ടർ കഴിഞ്ഞ ദിവസം വിളിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും വന്നില്ല. നിർമ്മാണ സമാഗ്രികളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് കരാറുകാരെ റോഡ് നിർമ്മാണത്തിൽ നിന്ന് പിൻമാറ്റുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയും പല തവണ സമീപിച്ചതാണ്. നഗരസഭയിലെ 42 കിലോമീറ്റർ ബി.എം ആൻഡ് ബി.സി റോഡ് നിർമ്മിച്ചത് അവരാണ്. നഗരസഭയുടെ വീഴ്‌ചയല്ല പ്രതിസന്ധികൾക്ക് കാരണം .

................................................................

 റോഡ് നിർമ്മാണത്തിന് മഴ തടസമാകുന്നു; കൗൺസിലർ

മുണ്ടയ്ക്കലിലെ റോഡ് നിർമ്മാണത്തിലെ നിലവിലെ തടസം മഴയാണെന്ന് ഉദയ മാർത്താണ്ഡപുരം കൗൺസിലർ ശാന്തിനി ശുഭദേവൻ പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് മുമ്പ് നിർമ്മാണം ആരംഭിക്കാൻ വൈകിയത്. അത് പരിഹരിച്ചപ്പോൾ മഴ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ശാശ്വത പരിഹാരം ഉണ്ടാകാൻ മഴ കൂടി കനിയണമെന്നും കൗൺസിലർ പറഞ്ഞു.