ക്ഷയരോഗം ഏത് അവയവത്തെയും ബാധിക്കാമെങ്കിലും എൺപത് ശതമാനവും ശ്വാസകോശ ക്ഷയരോഗമാണ്. തലച്ചോറിനെ ബാധിക്കുന്ന തരമാണ് ഏറ്റവും മാരകം. ബാല മരണങ്ങളുടെ പ്രധാന കാരണവും ഇതുതന്നെ. തലച്ചോറിനെ ബാധിക്കുന്നത് തലച്ചോറിന്റെ ആവരണത്തെയോ (മെനിജൈറ്റിസ്) തലച്ചോറിനെ തന്നെയോ ബാധിക്കാം.
നാഡീവ്യൂഹ ക്ഷയരോഗം ഏത് തരത്തിലുള്ള ഞരമ്പ് സംബന്ധമായ രോഗവും പ്രത്യക്ഷപ്പെടാം. കുട്ടികളിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. സാധാരണയായി മൂന്ന് ഘട്ടങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. അതിയായ ക്ഷീണം, നിർബന്ധം, ചെറിയ പനി, സ്വഭാവവ്യത്യാസം എന്നിവ ഒന്ന് മുതൽ മൂന്ന് ആഴ്ച വരെ നിലനിൽക്കാം. കഠിനമായ തുടർച്ചയായ പനി തുടർന്നുള്ള മൂന്ന് ആഴ്ച വരെ നിലനിൽക്കും. കടുത്ത തലവേദനയും ഛർദ്ദിയുമാണ് രണ്ടാം ഘട്ടം. കുട്ടികളിൽ നിറുത്താതെയുള്ള കരച്ചിൽ വയറ് വേദനയായി തെറ്റിദ്ധരിക്കാം.
ജന്നി (കോട്ടൽ കൺവൻഷൻ) കൺപോളകൾ തൂങ്ങിക്കിടക്കുക, കോങ്കണ്ണ്, കൈകൾ തളരൽ, ബോധം നശിക്കൽ എന്നീ ലക്ഷണങ്ങൾ അടങ്ങുന്നതാണ് മൂന്നാം ഘട്ടം. അപൂർവമായി പെടുന്നനെയുള്ള പനിയും തലവേദനയും ഛർദ്ദിലുമായി പ്രകടമാകാം. കഴുത്ത് അനക്കുമ്പോൾ വേദന (നെക്ക് സ്റ്റിഫനസ്), കൈകാൽ ബലം പിടിക്കൽ, നേത്രത്തിലെ പാടുകൾ എന്നിവ രോഗനിർണയത്തിന് സഹായകമാണ്.
രോഗനിർണയം: നട്ടെല്ല് കുത്തി സി.എസ്.എഫ് പരിശോധനയാണ് രോഗനിർണയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിശോധന. രക്തപരിശോധന, മാന്റോ ടെസ്റ്റിംഗ്, തലയുടെ സി.ടി സ്കാൻ, എലീസാ ടെസ്റ്റ് എന്നിവയും സഹായകരമാണ്. സി.എസ്.എഫ് കൾച്ചർ, രാസ അണുപരിശോധന എന്നിവ അനിവാര്യമാണ്.
ചികിത്സ: മറ്റ് ക്ഷയരോഗങ്ങളെപ്പോലെ തന്നെ നാല് മരുന്നുകൾ കഴിക്കേണ്ടുന്ന ആദ്യ രണ്ട് മാസത്തെ തീവ്രഘട്ടവും 6 മുതൽ 9 മാസം നീളുന്ന തുടർച്ചാഘട്ടവുമാണ്. ആകെ 9 - 12 മാസം മരുന്ന് കഴിക്കണം. ഡോട്ട്സ് ആയിതന്നെ കഴിക്കുന്നതാണ് ഉത്തമം. ഡോട്ട്സ് നാഡീവ്യൂഹ ക്ഷയരോഗത്തിന് ഫലപ്രദമാണെന്ന് ലോകത്ത് തന്നെ ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടും ഈ ലേഖകന്റേതാണ്. സ്റ്റിറോയ്ഡ് ഇൻട്രാത്തിക്കർ ഇൻജക്ഷൻ, ശാസ്ത്രക്രിയ എന്നിവ അപൂർവം വേണ്ടിവന്നേക്കാം.
ഡോ. കെ.വേണുഗോപാൽ,
സീനിയർ കൺസൾട്ടന്റ്
സംസ്ഥാന ആരോഗ്യവകുപ്പ്
ഫോൺ: 9447162224