കൊല്ലം: ഏതു വെല്ലുവിളിയെയും മറികടക്കാൻ രാജ്യത്തിന് കരുത്തേകുന്നത് ഗാന്ധിദർശനമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ബീച്ചിലെ ഗാന്ധി പാർക്കിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സമ്പത്തും പുരോഗതിയും ഒരു വിഭാഗത്തിലേക്ക് ചുരുങ്ങുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതുൾപ്പടെ എല്ലാ പ്രശ്‌നങ്ങൾക്കുള്ള പരിഹാരവും ഗാന്ധി ദർശനങ്ങളിലുണ്ടെന്ന് മന്ത്രി പറഞ്ഞു. .
മേയർ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. ഗാന്ധിയൻ മൂല്യങ്ങൾ തിരിച്ചറിഞ്ഞ് ജീവിതത്തിൽ പകർത്താൻ പുതു തലമുറ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
എം. മുകേഷ് എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയെ അിറയുന്നതിലൂടെ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ മൂല്യമാണ് കണ്ടെത്തനാവുക എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ ഗാന്ധിസൂക്തങ്ങൾ സ്വാതന്ത്ര്യ സമര സേനാനി പി. ഭാസ്‌കരന് കൈമാറി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു.
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ പോൾമത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സബ് കളക്ടർ അനുപം മിശ്ര, ഡി. സി. സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ, മുൻ എം. എൽ. എ. ജി. പ്രതാപ വർമ്മ തമ്പാൻ, എ. ഡി. എം. പി. ആർ. ഗോപാലകൃഷ്ണൻ, തഹസിൽദാർ ബി. പി. അനി, ഗാന്ധിയൻ സംഘടനാ പ്രതിനിധികളായ ജി. ആർ. കൃഷ്ണകുമാർ, എസ്. പ്രദീപ് കുമാർ,പി. ഒ. ജെ. ലബ്ബ, പ്രൊഫ. പൊന്നറ സരസ്വതി,കുരീപ്പുഴ ഷാനവാസ്, എം. മാത്യൂസ്, അയത്തിൽ സുദർശൻ, തോമസ്‌കുട്ടി തുടങ്ങിയവർ സംസാരിച്ചു. ഇൻഫർമേഷൻ ഓഫീസർ സി. അജോയ് നന്ദി പറഞ്ഞു.
വിവിധ ഗാന്ധിയൻ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ ജില്ലാതല ഉദ്യോഗസ്ഥർ, സ്‌കൂൾ-നഴ്‌സിംഗ് കോളജ് വിദ്യാർഥികൾ, അധ്യാപകർ, സന്നദ്ധ പ്രവർത്തകർ, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്‌സ് തുടങ്ങിയവർ അണിനിരന്ന റാലിയോടായണ് ജയന്തി ആഘോഷത്തിന് തുടക്കമായത്. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ ഫ്‌ളാഗ് ഓഫ് ചെയ്ത റാലി ഗാന്ധി പാർക്കിലാണ് സമാപിച്ചത്.
ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനാണ് ഗാന്ധിപാർക്കിലെ ചടങ്ങുകളിൽ പങ്കെടുത്തവർക്കായി ആഹാരം ഒരുക്കിയത്.