കൊല്ലം: ജനങ്ങളെ തോക്കിൻമുനയിൽ നിറുത്തി മാല കവർന്ന കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ഛത്തീസ്ഗഢ് രജിസ്ട്രേഷനുള്ള കാറിലാണ് രക്ഷപ്പെട്ടത്. മോഷണ ബൈക്കിൽ സഞ്ചരിച്ച് ആറിടങ്ങളിൽ നിന്ന് മാല കവർന്ന രണ്ടുപേർക്ക് പുറമേ മറ്റു രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നതായാണ് വിവരം. കൊല്ലം നഗരത്തിൽ നിന്ന് മോഷ്‌ടാക്കൾ രക്ഷപ്പെട്ടത് കാറിലാണെന്ന് അന്വേഷണ സംഘം തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നു.
പക്ഷേ, ഇവർ സംസ്ഥാനം വിട്ടു പോയിട്ടില്ലെന്നായിരുന്നു നിഗമനം. എന്നാൽ സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോഴാണ് മോഷണം നടന്ന ആറിടങ്ങളിലും ബൈക്കിനു പിന്നിൽ ഛത്തീസ്ഗഢ് രജിസട്രേഷൻ കാറിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. പിന്നീട് ഈ കാർ ആര്യങ്കാവ് ചെക്ക്പോസ്റ്റ് കടന്നതായും തെളിവ് ലഭിച്ചു. നാലംഗ സംഘത്തിലെ രണ്ടുപേർ കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് കവർന്ന് മാല മോഷണം നടത്തിയപ്പോൾ മറ്റു രണ്ടുപേർ കാറിൽ പിന്നാലെ ഉണ്ടായിരുന്നു. പൊലീസ് പിന്തുടർന്നപ്പോൾ കൊല്ലം കടപ്പാക്കടയിൽ ബൈക്ക് ഉപേക്ഷിച്ച ഇവർ കാറിൽ ദേശീയപാത വഴി ആര്യങ്കാവിലെത്തി കേരളത്തിന്റെ അതിർത്തി കടന്നെന്നാണ് സ്ഥിരീകരണം.
ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുൻപിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് മോഷണം നടത്തിയത്.
കൊല്ലം പട്ടത്താനത്ത് അംഗൻവാടി അദ്ധ്യാപികയായ ചിത്ര ലൗജിയെ തോക്കിൻ മുനയിൽ നിറുത്തിയാണ് മാല പൊട്ടിച്ചത്. മുളവന കട്ടകശേരിയിൽ പേരയം സ്വദേശി ബിന്ദുവിന്റെ മാല പൊട്ടിച്ചപ്പോൾ ഓടിയെത്തിയ നാട്ടുകാരെ ഭയപ്പെടുത്തി പിൻമാറ്റിയതും തോക്ക് ചൂണ്ടിയാണ്.
അന്വേഷണ സംഘം സംസ്ഥാനത്ത് പുറത്തേക്ക് പോയിട്ടില്ല
ആര്യങ്കാവ് വഴി മോഷ്ടാക്കൾ സംസ്ഥാനം വിട്ടതായി സ്ഥിരീകരിച്ചെങ്കിലും അന്വേഷണ സംഘം പുറത്തേക്ക് പോയിട്ടില്ല. ഇവരെ സംബന്ധിച്ച കൃത്യമായ സൂചന ലഭിക്കുന്നത് അനുസരിച്ച് കൊല്ലത്തുനിന്ന് പുറപ്പെടാൻ സംഘം സജ്ജമാണ്. കൊല്ലം എ.സി.പി എ.പ്രതീപ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.