lorry
കല്ലുന്താഴം ജംഗ്ഷനിൽ പാർക്ക് ചെയ്തിരിക്കുന്ന അന്തർസംസ്ഥാന ലോറികൾ

 മനുഷ്യ വിസർജ്ജ്യം വീട്ടുമുറ്റത്തേക്ക്

 ജനങ്ങൾ പകർച്ചവ്യാധി ഭീഷണിയിൽ

കൊല്ലം: കല്ലുന്താഴം ജംഗ്ഷനെ മേവറം പോലെ ദുർഗന്ധ കേന്ദ്രമാക്കി അന്യസംസ്ഥാന ലോറി തൊഴിലാളികൾ. ജംഗ്ഷനിൽ ദിവസങ്ങളോളം ലോറികൾ പാർക്ക് ചെയ്യുന്ന തൊഴിലാളികൾ പരിസരത്ത് തന്നെ പ്രാഥമിക ആവശ്യങ്ങളും നിർവഹിക്കുകയാണ്.

കല്ലുന്താഴം ജംഗ്ഷനിൽ നിന്ന് കാവനാടേക്ക് പോകുന്ന ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലുമായി കുറഞ്ഞത് ഇരുപത് നാഷണൽ പെർമിറ്റ് ലോറികളെങ്കിലും സ്ഥിരമായി ഉണ്ടാകും. ലോറിക്കുള്ളിൽ അന്തിയുറങ്ങുന്ന ഡ്രൈവർ അടക്കമുള്ള തൊഴിലാളികൾ പുലർച്ചെ എണീറ്റ് വാഹനങ്ങളുടെ മറവിലാണ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നത്. മഴ പെയ്യുമ്പോൾ വിസർജ്ജ്യം അടക്കമുള്ള മാലിന്യം പണിക്കര് കുളം ഭാഗത്തുള്ള വീടുകളുടെ മുറ്റത്തേക്കാണ് ഒഴുകിയെത്തുന്നത്. ഇവ കുഴികളിൽ കെട്ടിനിന്ന് കൊതുക് അടക്കം പെറ്റുപെരുകുന്നത് പകർച്ചാവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ലോറികളാണ് ഇവിടെ തമ്പടിക്കുന്നത്. വന്നിട്ട് ഒരാഴ്ചയിലേറെയായ ലോറികളുമുണ്ട്. ബൈപ്പാസ് ഉദ്ഘാടനത്തിന് മുമ്പ് വിരലിലെണ്ണാവുന്ന ലോറികൾ മാത്രമാണ് പാർക്ക് ചെയ്തിരുന്നത്. അടുത്തിടെയാണ് കൂട്ടത്തോടെ പാർക്കിംഗ് ആരംഭിച്ചത്. നഗരസഭയ്ക്കും പൊലീസിനും ആരോഗ്യവകുപ്പിനും പലതവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.