കരുനാഗപ്പള്ളി: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്തിൽ വിശക്കുന്നവർക്ക് എല്ലാ ദിവസവും സൗജന്യമായി ആഹാരം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷം എൻ.വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത പ്രഖ്യാപനം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ നിർവഹിച്ചു. സാഹസികമായി ഒരാളുടെ ജീവൻ രക്ഷിച്ച രേഖയെ ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ നിസാമുദ്ദീൻ ആദരിച്ചു. ചവറ ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് കെ. എ. നിയാസ് അദ്ധ്യക്ഷത വഹിച്ചു. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് സുശീല,ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ ,ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ കോയിവള സൈമൺ, പി.വിജയകുമാരി, ബിന്ദു കൃഷ്ണകുമാർ, ബി.ഡി.ഒ. എസ്. ജോയി റോഡ്‌സ് എന്നിവർ പ്രസംഗിച്ചു.
സുമനസുകൾ സംഭാവന ചെയ്യുന്ന തുക ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്തിലെ ഭക്ഷണശാലയിൽ ആഹാരം ഒരുക്കുന്നത്. ഭക്ഷണശാലയിൽ സ്ഥാപിച്ചിട്ടുളള പെട്ടിയിൽ വിശപ്പ് രഹിത പദ്ധതിയിലേക്കുള്ള സംഭാവന നിക്ഷേപിക്കാം. ഗാന്ധി ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു.