എഴുകോൺ : കശുഅണ്ടി വികസന കോർപ്പറേഷനിലെ തൊഴിലാളിക്കായി സഞ്ചരിക്കുന്ന പരിശോധനാ ക്ലിനിക്കുകൾ നവംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എസ്.ജയമോഹൻ പറഞ്ഞു. കശുവണ്ടി വികസന കോർപ്പറേഷന്റെ നെടുമ്പായിക്കുളം ഫാക്ടറിയിൽ ഗാന്ധിജയന്തി-ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം എൻ.എസ്. ആശുപത്രിയുമായി സഹകരിച്ച് ആരംഭിക്കുന്ന മൊബൈൽ ക്ലിനിക്കുകളിൽ ജീവിതശൈലി രോഗനിർണ്ണയത്തിനുള്ള പരിശോധന സൗജന്യമായി നടത്തും. ഇ.എസ്.ഐ. ആനുകൂല്യം എല്ലാ തൊഴിലാളികൾക്കും ഉറപ്പാക്കുന്ന വിധം തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജയമോഹൻ പറഞ്ഞു. ഫാക്ടറി മാനേജർ എം.മഹേശ്വരി അദ്ധ്യക്ഷത വഹിച്ചു. മെറ്റീരിയൽ മാനേജർ സുനിൽ ജോൺ, വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ പി.തങ്കപ്പൻ പിള്ള, ചക്കുവരയ്ക്കൽ ചന്ദ്രൻ, സോമശേഖരൻ, ജെ.രാമാനുജൻ,എഴുകോൺ സന്തോഷ്, കെ.ഓമനക്കുട്ടൻ, എസ്.കൃഷ്ണകുമാർ, തൊഴിലാളി കൺവീനർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു. തൊഴിലാളികളും മക്കളും പങ്കെടുത്ത വിവിധ കലാ കായിക മത്സരങ്ങളും ഓണസദ്യയും നടന്നു.