കൊല്ലം: ജില്ലയിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി പദാർത്ഥങ്ങളുടെ വില്പന ശക്തമാകുന്ന സാഹചര്യത്തിൽ നാട്ടിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് എം. മുകേഷ് എം.എൽ.എ പറഞ്ഞു.
പള്ളിത്തോട്ടം കൗമുദി നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാ സാംസ്കാരിക മേഖലകളിലുൾപ്പെടെ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. നഗരത്തെ മാലിന്യരഹിതമാക്കുന്നതിനായി കൊല്ലം നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് റസിഡന്റ്സ് അസോസിയേഷനുകൾ പൂർണ പിന്തുണ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ചടങ്ങിൽ രോഗികൾക്കുള്ള ചികിത്സാ ധനസഹായവും വിദ്യാഭ്യാസ അവാർഡുകളും ഡെപ്യൂട്ടി മേയർ വിതരണം ചെയ്തു.
നഗർ പ്രസിഡന്റ് അൽഫോൺസ് പെരേര അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ വിനിതാ വിൻസെന്റ് സംസാരിച്ചു. സെക്രട്ടറി പി. രഘുനാഥൻ സ്വാഗതവും കൺവീനർ എ. നജീബ് നന്ദിയും പറഞ്ഞു. തുടർന്ന് നറുക്കെടുപ്പ്, ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു.