private-bus
മയ്യനാട് കാരിക്കുഴി പാലത്തിന് സമീപം കുഴിയിൽ വീണ് ചരിഞ്ഞ ബസ്

കൊട്ടിയം: കുണ്ടും കുഴിയുമായി തകർന്ന റോഡിൽ നിറയെ യാത്രക്കാരുമായി സ്വകാര്യബസ് ചരിഞ്ഞു. മറിഞ്ഞുവീഴാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. യാത്രക്കാർക്കാർക്കും പരിക്കില്ല.

കൂട്ടിക്കട - മയ്യനാട് റോഡിൽ കാരിക്കുഴി പാലത്തിന് സമീപമാണ് ഇന്നലെ സന്ധ്യയോടെ ബസ് അപകടത്തിൽപ്പെട്ടത്. കൊല്ലത്ത് നിന്ന് മയ്യനാട്ടേയ്ക്ക് വരികയായിരുന്ന മുരഹര എന്ന ബസാണ് കുഴിയിൽപെട്ട് ചരിഞ്ഞത്. റോഡിലെ കുഴിയിൽ ഒരുവശത്തെ ടയർ കയറിയതോടെ റോഡരികിലെ മണ്ണിടിഞ്ഞ് ബസ് ചരിഞ്ഞു നിൽക്കുകയായിരുന്നു.

കൂട്ടിക്കട - മുതൽ സുചിത്ര ജംഗ്ഷൻ വരെ റോഡാകെ തകർന്ന് വലിയ ഗർത്തങ്ങളാണ്. കാൽനട യാത്ര പോലും അസാധ്യമായ നിലയിൽ ചെളിക്കുഴിയാണ് ഇവിടം. തകർന്നുകിടക്കുന്ന റോഡിനൊപ്പം വശങ്ങളിൽ മാസങ്ങളായി ഇറക്കിയിട്ടിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും അപകടങ്ങൾക്ക് കാരണമാകുന്നു. തകർന്ന റോഡുകൾ ശരിയാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.