rsankar
ഗാന്ധി ജയന്തിയോടനുബന്ധിച്ച് പഴങ്ങാലം ആർ.ശങ്കർ മെമ്മോറിയൽ ഹൈസ്കൂളിൽ 'ഗാന്ധിസ്മൃതി 2019

പെരുമ്പുഴ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് നെടുമ്പന പഴങ്ങാലം ആർ. ശങ്കർ മെമ്മോറിയൽ ഹൈസ്കൂളിൽ 'ഗാന്ധിസ്മൃതി 2019'ന്റെ ഉദ്ഘാടനം നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസറുദ്ദീൻ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ടി. ഉഷാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സന്തോഷ് കുമാർ സംസാരിച്ചു.

ഗാന്ധി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടി.കെ.എം.എച്ച്.എസ്.എസിലെ എം.എസ്. സൂര്യകിരൺ, ആദിത്യൻ എന്നിവർക്കും രണ്ടാം സ്ഥാനം നേടിയ പാരിപ്പള്ളി അമൃത എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കും മൂന്നാം സ്ഥാനം നേടിയ ഗവ. മോഡൽ എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കും കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് പി.എ (ജനറൽ) വി.ജെ. സുരേഷ് ഗാന്ധിജിയുടെ കൂറ്റൻ ഛായാചിത്രം വരച്ചു. ചാത്തന്നൂർ എൻ.എസ്.എസ് ക്ളസ്റ്റർ വിദ്യാർത്ഥികൾ ശേഖരിച്ച ലൈബ്രറി പുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം ചാത്തന്നൂർ എൻ.എസ്.എസ് ക്ളസ്റ്റർ കോ ഓർഡിനേറ്റർ ജിഹാദ് സ്കൂൾ ഹെഡ്മാസ്റ്റർ ജി.എസ്. സുനിലിന് കൈമാറി നിർവഹിച്ചു. എൽ. അനിത, ഷീല മനോഹരൻ, ബി. അജികുമാർ, സ്കൂൾ മാനേജർ ഡോ. എൻ. വിനോദ്ലാൽ, ബി. ഹേമ, ബിനു കെ. ജോർജ്, പ്രോഗ്രാം കൺവീനർ അതുൽ മുരളി, സ്കൂൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഡിജിറ്റൽ സെമിനാറും സംഘടിപ്പിച്ചു.