കൊല്ലം: തകർന്ന് തരിപ്പണമായി കഴിഞ്ഞ രണ്ട് വർഷക്കാലമായി മുണ്ടയ്ക്കലുകാരുടെ നടുവും കാലും ഒടിക്കുന്ന എസ്.എൻ കോളേജ് ജംഗ്ഷൻ - മുണ്ടയ്ക്കൽ പാലം റോഡിന്റെ പുനരുദ്ധാരണത്തിന് നഗരസഭയുടെ മുൻകൂർ അനുമതി. മുണ്ടയ്ക്കലെ റോഡുകളുടെ ദുരവസ്ഥയിൽ നഗരസഭയ്ക്കും ജനപ്രതിനിധികൾക്കുമെതിരെ ജനരോഷം ശക്തമായതോടെയാണ് കൗൺസിൽ യോഗത്തിൽ വയ്ക്കും മുമ്പ് നിർമ്മാണം തുടങ്ങാൻ അനുമതി നൽകിയത്.
നിർമ്മാണ പദ്ധതികളുടെ കരാർ ഒപ്പിട്ട് വർക്ക് ഓർഡർ നൽകിയാലും നഗരസഭാ കൗൺസിൽ യോഗത്തിന്റെ അംഗീകാരം ലഭിച്ച ശേഷമേ സാധാരണഗതിയിൽ നിർമ്മാണം തുടങ്ങാനുള്ള അനുമതി നൽകുകയുള്ളു. എന്നാൽ എസ്.എൻ കോളേജ് ജംഗ്ഷൻ - മുണ്ടയ്ക്കൽ പാലം റോഡിന്റെ നിർമ്മാണത്തിന് നഗരസഭാധികൃതർ ഇന്നലെ മുൻകൂർ അനുമതി നൽകി. അടുത്ത് ചേരുന്ന കൗൺസിൽ യോഗം കരാറിന് അംഗീകാരം നൽകും.
പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരനെതിരെ നടപടി
ജനപ്രതിനിധികളുടെ സമ്മർദ്ദത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് നഗരസഭാ അധികൃതർ കരാറുകാരന് നിർമ്മാണം തുടങ്ങാൻ വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ കരാറുകാരൻ റോഡിലെ കുണ്ടും കുഴികളും നികത്തി. പിന്നീട് തുടർച്ചയായ മഴ കാരണം നിറുത്തിവയ്ക്കുകയായിരുന്നു. മുൻകൂർ അനുമതി നൽകിയ സാഹചര്യത്തിൽ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ നഗരസഭയ്ക്ക് കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കാം.
എസ്.എൻ കോളേജ് ജംഗ്ഷൻ - മുണ്ടയ്ക്കൽ പാലം റോഡ് നിർമ്മാണത്തിന്റെ കരാറൊപ്പിട്ട് കഴിഞ്ഞു. കൗൺസിൽ അംഗീകരിച്ച ശേഷമാണ് സാധാരണ ഗതിയിൽ വർക്ക് ഓർഡർ നൽകുന്നത്. എന്നാൽ റോഡിന്റെ ദയനീയാവസ്ഥ കണക്കിലെടുത്താണ് നിർമ്മാണം തുടങ്ങാൻ കരാറുകാരന് ഇന്നലെ മുൻകൂർ അനുമതി നൽകിയത്. പുവർ ഹോം - എച്ച് ആൻഡ് സി റോഡ് പുനരുദ്ധാരണവും ടെണ്ടർ ചെയ്തിരിക്കുകയാണ്. ഈ മാസം 10ന് ടെണ്ടർ തുറക്കും.
വിജയാ ഫ്രാൻസിസ് (ഡെപ്യൂട്ടി മേയർ)
ഞങ്ങളുടെ നടുവൊടിച്ചു, അന്നവും മുട്ടിച്ചു
റോഡ് കുളമായി കിടക്കുന്നതിനാൽ ഓട്ടം കിട്ടുന്നില്ല. അഥവാ ഓട്ടം പോയാലും നടുപോകുന്ന അവസ്ഥയാണ്. പലദിവസങ്ങളിലും പട്ടിണിയാണ്.
സൂര്യപ്രഭൻ (പെട്ടി ഓട്ടോ ഡ്രൈവർ)
മുണ്ടയ്ക്കലെ ഒരുറോഡിൽ കൂടിയും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ജനപ്രതിനിധികൾക്കെല്ലാം കൈക്കൂലി കിട്ടണം. അത് കിട്ടാത്തത് കൊണ്ടാകും പണി നീളുന്നത്. യാത്രക്കാരാരും ഓട്ടോയിൽ കയറുന്നില്ല. ഇവിടുത്തെ റോഡുകളിൽ കൂടി സഞ്ചരിച്ചാൽ നടുപോകുമെന്നാണ് പറയുന്നത്. അതുകൊണ്ട് പലദിവസങ്ങളിലും ഓട്ടത്തിന് പോകാറില്ല. പോയാൽ തോട്ടടുത്ത ദിവസം കിടപ്പാണ്.
വർഗീസ് (ഓട്ടോ ഡ്രൈവർ)
മഴ കാരണമാണ് റോഡ് പണി നടക്കാത്തതെന്നാണ് കൗൺസിലർ പറയുന്ന ന്യായം, മഴയ്ക്ക് മുമ്പേ കരാറായതാണ്. അന്ന് എന്തുകൊണ്ട് പണി തുടങ്ങിയില്ല. രണ്ട് വർഷമായി റോഡ് തകർന്ന് കിടക്കുകയാണ്. നടുവേദന കാരണം വീട്ടിൽ പോയാൽ ഉറങ്ങാൻ കഴിയുന്നില്ല.
വിജയധരൻ (ഓട്ടോ ഡ്രൈവർ)
സിമെന്റുമായി ഇതുവഴി സൈക്കിളിൽ പോകുന്നതിനിടയിൽ റോഡിയിലെ കുഴിയിൽ വീണ് കാലൊടിഞ്ഞു. ദിവസങ്ങളോളം ജോലിക്ക് പോകാൻ പറ്റിയില്ല. കൈയിൽ ഉണ്ടായിരുന്ന കാശെല്ലാം ആശുപത്രിയിൽ കൊടുത്ത് തീർന്നു. മുണ്ടയ്ക്കൽ മാത്രമേയുള്ളു ഈ പ്രശ്നം.
സുനിൽ (കൂലിപ്പണി)