paravur
അനിൽകുമാർ

പരവൂർ: അയൽവാസിയായ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. പുത്തൻകുളം ബ്ലോക്ക്മരം സ്വദേശി അവിട്ടത്തിൽ ജനാർദ്ദനൻപിള്ളയുടെ മകൻ അനിൽകുമാറാണ് (49) പിടിയിലായത്. കഴിഞ്ഞ മേയ് ഒന്നിന് അയൽവാസിയായ ഷീലാകുമാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഷീലാകുമാരിയുടെ പക്കൽ നിന്ന് അനിൽകുമാറിന്റെ ഭാര്യ കടം വാങ്ങിയിരുന്ന പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെട്ടുകത്തി കൊണ്ട് കൈയിലും തലയുടെ പിന്നിലുമായി നിരവധി പ്രാവശ്യം അനിൽകുമാർ വെട്ടുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിൽ പോയതിനാൽ പിടികൂടാനായില്ല.

ഒരു മാസം മുമ്പ് അനിൽകുമാറിന്റെ ഭാര്യയും മക്കളും പരവൂരിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങി. പ്രതിയെ തിരക്കി പൊലീസ് ഇവിടെ ചെന്നെങ്കിലും അനിൽകുമാർ വീട്ടിൽ വരാറില്ല എന്ന് ഭാര്യ പറഞ്ഞു. തുടർന്ന് പ്രതിയുടെ മൊബൈൽ നമ്പർ ലൊക്കേഷൻ വച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇവിടെ തന്നെയാണ് താമസമെന്ന് മനസിലാകുകയും രാത്രി ഒരുമണിയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടുകയുമായിരുന്നു.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് റെപ്രസന്റേറ്റീവായിരുന്ന അനിൽകുമാർ സംഭവത്തെ തുടർന്ന് തിരുവനന്തപുരത്ത് തന്നെ വിവിധ സ്ഥലങ്ങളിലായി താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരവൂർ സി.ഐ എസ്. സാനിയുടെ നേതൃത്വത്തിൽ സായിറാം, മുഹമ്മദ് ഷാഫി, മനോജ്നാഥ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.