പള്ളിമുക്ക് ചന്തയിലെ ശുചിമുറി ഉപയോഗശൂന്യം
കൊല്ലം: ദിവസവും ആയിരങ്ങളെത്തുന്ന പള്ളിമുക്കിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ഇടമില്ല. ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും ജീവനക്കാരും ശങ്ക തീർക്കാൻ പൊതുസ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പള്ളിമുക്ക് ജംഗ്ഷന്റെ ഹൃദയഭാഗത്തുള്ള ചന്തയിൽ ശുചിമുറി ഉണ്ടെങ്കിലും അടുക്കാൻ പോലും കഴിയാത്ത തരത്തിൽ ദുർഗന്ധമാണ്. മാസങ്ങളായി ശുചിമുറിയിൽ വെള്ളവും ലഭ്യമല്ല.
നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളുള്ള പള്ളിമുക്കിൽ നിന്ന് നഗരസഭയ്ക്കും സർക്കാരിനും ലക്ഷങ്ങളാണ് നികുതിയിനത്തിൽ ലഭിക്കുന്നത്. എന്നാൽ ഇവിടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഒരുക്കാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി. പള്ളിമുക്കിൽ സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനുള്ള സൗകര്യങ്ങൾ അടക്കമുള്ള ആധുനിക അമിനിറ്രി സെന്റർ നിർമ്മിക്കണമെന്ന് വ്യാപാരികളും പൊതുജനങ്ങളും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ഇതുവരെ പരിഗണിച്ചിട്ടേയില്ല.
ശുചിമുറിയുണ്ട്, ഉപയോഗിക്കാൻ കഴിയില്ല
പള്ളിമുക്ക് ചന്തയിൽ മീൻകച്ചവടം നടക്കുന്ന സ്ഥലത്തിന് പിന്നിലാണ് നഗരസഭ നിർമ്മിച്ച ശുചിമുറി. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറികൾ ഈ ചെറിയ കെട്ടിടത്തിലാണുള്ളത്. എന്നാൽ സ്ത്രീകളുടെ ശുചിമുറിയിലേക്ക് കടക്കാനാകാത്ത വിധം വാതിലിന് മുന്നിൽ മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. സമീപകാലത്തെങ്ങും ഒരാൾ പോലും ഈ ശുചിമുറി ഉപയോഗിച്ച ലക്ഷണവും കാണാനില്ല.
കൃത്യമായ പരിപാലനമില്ലാതെ ഈ ശുചിമുറി ഉപയോഗശൂന്യമായി മാറിയിട്ട് ഏറെക്കാലമായി. ഇപ്പോൾ വെള്ളവും ഇല്ല. ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം ശുചിമുറിക്കായി നഗരസഭ ചെലവഴിച്ച തുകയും പാഴ്ചെലവായി മാറുകയായിരുന്നു.
കൂനമ്പായിക്കുളം ക്ഷേത്രത്തിൽ പോകാൻ നൂറ് കണക്കിന് സ്ത്രീകളാണ് ദിവസേന പള്ളിമുക്കിൽ എത്തുന്നത്. ഇതിന് പുറമെ നൂറ് കണക്കിന് ലോഡിംഗ് തൊഴിലാളികളും സ്ഥിരമായി പള്ളിമുക്കിൽ ഉണ്ടാകും. വിവിധ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ആയിരക്കണക്കിന് ഉപഭോക്താക്കളും ഉണ്ട്. ഇവർക്കാർക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള ഇടമില്ല. ചന്തയ്ക്കുള്ളിൽ നഗരസഭ നിർമ്മിച്ച ശുചിമുറി കൃത്യമായ പരിപാലനമല്ലാത്തതിനാൽ ഉപയോഗശൂന്യമാണ്. നഗരസഭ എത്രയും വേഗം പള്ളിമുക്കിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള ഇടവും വിശ്രമകേന്ദ്രവും ഒരുക്കണം.
എ. ഷാനവാസ് (ജന. സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, പള്ളിമുക്ക് യൂണിറ്റ് )