കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് എസ്.എൻ. യു.പി സ്കൂൾ മുറ്റത്ത് നിർമ്മിച്ച "ഗാന്ധി ചരിത്ര മണ്ഡപം" ഗാന്ധി ജയന്തി ദിനത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാല് ലക്ഷത്തോളം രൂപ ചെലവഴിച്ച് 300 ചതുരശ്ര അടി സ്ഥലത്താണ് മണ്ഡപം സ്ഥാപിച്ചത്. ഗാന്ധിയുടെ അർദ്ധകായ പ്രതിമയും അശോകസ്തംഭവും ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിർണ്ണായക മുഹൂർത്തങ്ങളും മണ്ഡപത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ചമ്പാരൻ സമരം, ദണ്ഡിയാത്ര, ജാലിയൻവാലാബാഗ്, വാഗൺ ട്രാജഡി എന്നിവയെല്ലാം ശിൽപ്പങ്ങളാൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ മാനേജർ ഡി. സ്നേഹജൻ അദ്ധ്യക്ഷത വഹിച്ചു. കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ മുഖ്യാതിഥിയായിരുന്നു. കെ.സി. രാജൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. സ്മാരകത്തിന്റെ ശിൽപ്പി വിഭുവിനെ നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ശിവരാജൻ ആദരിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, കൗൺസിലർ ശോഭാ ജഗദപ്പൻ, ഹെഡ്മിസ്ട്രസ് നദീറാബീവി, പി.ടി.എ പ്രസിഡന്റ് കെ. വിനു, ഷാജഹാൻ രാജധാനി, വി. ശിവകുമാർ, വി. വിമലൻ, ജി. അനിൽകുമാർ, ഡി. ആതിര. അനിതാകുമാരി, കെ.ജി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.