കരുനാഗപ്പള്ളി: സ്വന്തം കൺമുന്നിലിട്ട് അക്രമി മകനെ ക്കൊല്ലുന്നതിനു സാക്ഷിയാകേണ്ടിവന്ന അമ്മയുടെ ചുടുകണ്ണീർ ഇനിയും തോർന്നിട്ടില്ല.
ഭർത്താവ് കൊലചെയ്യപ്പെട്ട നടുക്കത്തിലാണ് ഭാര്യ. മകൻ നഷ്ടപ്പെട്ട വേദനയിൽ പിതാവും. കുലശേഖരപുരം നീലികുളം ലാലി ഭവനിൽ സുജിത്ത് (34) കൊല്ലപ്പെട്ടിട്ട് 24 ദിവസം കഴിഞ്ഞു. പക്ഷേ, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് സുജിത്തിന്റെ ഭാര്യ ചിത്ര വിതുമ്പലോടെ പറയുന്നു. കൊലയാളി സംഘത്തിൽ ഏഴു പേർ ഉണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതിൽ വെളുത്തേരിൽ ഷൈലജാബീവിയുടെ മക്കളായ ഷെഹിൻഷാ, അലി അസ്കർ എന്നിവരെ മാത്രമാണ് അറസ്റ്റു ചെയ്തത്. മറ്റു പ്രതികളെ കണ്ടെത്താൻ പൊലീസ് ജാഗ്രത കാട്ടുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
എന്റെ കൺമുന്നിൽ വെച്ചാണ് മകനെ അക്രമി സംഘം കൊലപ്പെടുത്തിയതെന്ന് അമ്മ സുശീല പറഞ്ഞു.മകനെ അക്രമികളിൽ നിന്നു രക്ഷിക്കാൻ ഞാൻ കിണഞ്ഞ് പരിശ്രമിച്ചു. അവസാനം അവർ എന്നെ അടിച്ച് താഴെ ഇട്ടശേഷമാണ് മൂന്നുപേർ ചേർന്ന് സുജിത്തിനെ സി.സി.ടി.വി ക്യാമറയിൽ ദൃശ്യം പതിയാത്ത സ്ഥലത്തേക്ക് മാറ്റി നിറുത്തി കുത്തിയത്. കൊലപാതകം യാദൃച്ഛികമായി സംഭവിച്ചതല്ല.അവർ മന:പൂർവ്വം ചെയ്തതാണ്.
സുശീല പറയുന്നു.
കൊലയാളി സംഘത്തിന് അഭയം നൽകിയവരെ പൊലീസ് ചോദ്യം ചെയ്യാത്തതും സംശയമുണർത്തുന്നുവെന്ന് പിതാവ് ഉത്തമൻ പറയുന്നു. അഞ്ചു വർഷത്തിന് മുമ്പ് കുഴിവേലിമുക്കിന് സമീപത്തുവെച്ച് സുജിത്തും എസ്.ഡി.പി.ഐ പ്രവർത്തകൻ അൻസറും തമ്മിൽ അടിപിടി നടന്നിരുന്നു. ആ കേസിന്റെ വിചാരണ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ നടന്നു വരികയാണ്. സുജിത്തിന്റെ മാതാപിതാക്കൾ എസ്. ഡി.പി.ഐയുടെ നേതാക്കളെ നേരിൽ കണ്ട് പശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. തുടർന്ന് ബന്ധുക്കൾ സുജിത്തിനെ ഗൾഫിലേക്ക് അയച്ചു. രണ്ടു വർഷത്തിന് മുമ്പ് നാട്ടിൽ മടങ്ങിയെത്തിയ സുജിത്ത് ഡ്രൈവറായി ജോലി തുടരുകയായിരുന്നു. കുഴിവേലി ജംഗ്ഷനിൽ മത്സ്യ വ്യാപാരം നടത്തുന്ന സരസന്റെ ഡ്രൈവറായും സുജിത്ത് ജോലി ചെയ്തിരുന്നു. ഉത്രാട ദിവസം പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് സരസനും അയൽവാസിയായ ഷൈലജാബീവിയുടെ മക്കളുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് രാത്രി 9 മണിയോടെ മാരകായുധങ്ങളുമായി 7 അംഗ സംഘം സരസന്റെ വീട്ടിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയം വീട്ടിൽ ഉറങ്ങുകയായിരുന്ന സുജിത്തിനെ സരസന്റെ മകൻ അനന്തു വന്ന് വിളിച്ചുകൊണ്ട് പോകയായിരുന്നു. സുജിത്തും അക്രമി സംഘവും തമ്മിൽ വാക്കു തർക്കവും കൈയ്യേറ്റവും ഉണ്ടായി. തുടർന്നാണ് സുജിത്തിനെ കുത്തി വീഴ്ത്തിയത്. പൊലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ മുഴുവൻ പ്രതികളയും ഇതിനകം അറസ്റ്റു ചെയ്യാമായിരുന്നുവെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. നിരവധി തവണ പൊലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും നല്ല സമീപനമല്ല പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ഉത്തമൻ പറഞ്ഞു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്നാണ് സുജിത്തിന്റെ ഭാര്യ ചിത്രയും പിതാവ് ഉത്തമനും അമ്മ സുശീലയും ആവശ്യപ്പെടുന്നത്.