c
പ്രൈവറ്റ് ബസുകളുടെ സർവീസ് കടപുഴ പാലം വരെ നീട്ടണം

പടിഞ്ഞാറേക്കല്ലട: വെള്ളനാതുരുത്തിൽ നിന്ന് നെൽപ്പുരക്കുന്ന് വരെ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസുകൾ കടപുഴ പാലം വരെ നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. നെൽപ്പുരക്കുന്നിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരമാണ് കടപുഴ വരെയുള്ളത്. പ്രൈവറ്റ് ബസുകൾ കടപുഴ വരെ നീട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കടപുഴ വരെയുള്ളത് സഞ്ചാരയോഗ്യമായ റോഡാണ്. നിലവിൽ ഭരണിക്കാവ്, കുണ്ടറ, ചിറ്റുമല ഭാഗങ്ങളിലേക്ക് പോകുന്നവർ നെൽപ്പുരക്കുന്നിൽ ഇറങ്ങി ഓട്ടോറിക്ഷകളിലോ കാൽനടയായോ വേണം കടപുഴയിലെത്താൻ. ദൂരസ്ഥലങ്ങളിൽ നിന്ന് കടപുഴയിലെത്തുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് നെൽപ്പുരക്കുന്നിൽ എത്തിച്ചേരുന്നത്. നെൽപ്പുരക്കുന്നിലും സമീപ പ്രദേശങ്ങളിലുമായാണ് വില്ലേജ് ഒാഫീസ്, പോസ്റ്റ് ഒാഫീസ്, വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂൾ, സഹകരണ ബാങ്ക്, പ്രൈമറി ഹെൽത്ത് സെന്റർ, സർക്കാർ ഹോമിയോ ആശുപത്രി, അക്ഷയ സെന്റർ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്.

37 വർഷങ്ങൾക്ക് മുമ്പാണ് വെള്ളനാതുരുത്ത് നെൽപ്പുരക്കുന്ന് ബസ് സർവീസ് തുടങ്ങിയത്

സ്കൂൾ കുട്ടികൾ വലയുന്നു

വെള്ളനാതുരുത്തിൽ നിന്ന് നെൽപ്പുരക്കുന്ന് വരെയുള്ള പ്രൈവറ്റ് ബസുകൾ കടപുഴയിലേയ്ക്കും തിരിച്ചും സർവീസ് നടത്താത്തത് സ്കൂൾ കുട്ടികളെയാണ് ഏറെ പ്രയാസപ്പെടുത്തുന്നത്. കടപുഴ വരെ എത്തുന്ന കുട്ടികളും അദ്ധ്യാപകരും നെൽപരക്കുന്ന് സ്കൂളിൽ എത്തിച്ചേരാനായി 80 രൂപയോളം ഒാട്ടോ ചാർജ് നൽകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മൂന്നും നാലും പേർ ചേർന്നാണ് ഓട്ടോ വിളിക്കുന്നത്. അടിയന്തരമായി നെൽപ്പുരക്കുന്ന് ബസുകൾ കടപുഴ വരെ നീട്ടി യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കെ.എസ്.ആർ.ടി.സി ബസ് സർവീസ്

വർഷങ്ങൾക്കു മുമ്പ് ശാസ്താംകോട്ട കായലിൽ വള്ളം മുങ്ങിയപ്പോൾ ഇതുവഴി ഒരു കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങിയെങ്കിലും പിന്നീട് അത് നിലച്ചു. അതിനുശേഷം കൊട്ടാരക്കര, പത്തനംതിട്ട, അടൂർ ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ ഓരോ ബസും കൂടാതെ കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഇതു വഴി ഒരു ഫാസ്റ്റ് പാസഞ്ചറും ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ പല കാരണങ്ങളാൽ നിലച്ചിരിക്കുകയാണ്.