കൊല്ലം: കൊല്ലം എക്‌സൈസ് ഡിവിഷന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. കൊല്ലം എക്‌സൈസ് കോംപ്ലക്‌സിൽ നിന്നാരംഭിച്ച റാലി കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജേക്കബ് ജോൺ ഫ്ളാഗ് ഓഫ് ചെയ്തു. എൻ.സി.സി വിദ്യാർത്ഥികൾ, വൈ.ഡബ്ളിയു.സി.എ അംഗങ്ങൾ, വിമുക്തി സേനാംഗങ്ങൾ, എഫ്.സി.ഡി.പി പ്രവർത്തകർ, എക്‌സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. റാലി കൊല്ലം ബീച്ചിൽ സമാപിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിൽ ഗാന്ധി ജയന്തി വാരാഘോഷം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജേക്കബ് ജോൺ ലഹരി വിരുദ്ധ സന്ദേശം നൽകി. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ജെ. താജുദ്ദീൻകുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തി മിഷൻ ജില്ലാ മാനേജർ ഷാജി ജെ. വർഗീസ്, ഫാ. ജോബി സെബാസ്റ്റ്യൻ, കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് എ. രാജു, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഓട്ടൻതുള്ളൽ, നാടകം, ഡാൻസ് എന്നിവയും നടന്നു.