ബസുകളുടെ അമിത വേഗത ഭീതി പരത്തുന്നു
വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്നും പരാതി
ശാസ്താംകോട്ട: യാത്രക്കാരുടെ പരാതികൾ അനുദിനം വർദ്ധിച്ചിട്ടും കരുനാഗപ്പള്ളി മുതൽ കൊട്ടാരക്കര വരെയുള്ള റോഡിന്റെ കാര്യം തഥൈവ. ഇതുവഴിയുള്ള യാത്ര നടുവൊടിക്കുന്നതാണെന്നാണ് യാത്രക്കാരുടെ പരാതി. ഭരണിക്കാവ് സിനിമാപറമ്പു മുതൽ കുന്നത്തൂർ പാലം വരെയും ആഞ്ഞിലിമൂട് മുതൽ കരുനാഗപ്പള്ളി വരെയുമാണ് ഏറെ ദയനീയം. വലിയ കുഴികളാണ് ഈ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ളത്. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഈ റൂട്ടിലൂടെ കടന്നുപോകുന്നത്. ഇവരാണ് നിത്യേന അപകടത്തിൽപ്പെടുന്നത്.
പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങൾ ചെലവിട്ട് നിരവധി തവണ കുഴികൾ അടച്ചെങ്കിലും ഇതിന് ദിവസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടാകാറുള്ളൂ. നിരവാരമില്ലാത്ത രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതാണ് ഒരാഴ്ചപോലും നിൽക്കാതെ റോഡ് വീണ്ടും തകരാൻ കാരണമെന്നാണ് പരാതി. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകാത്തതിനാലാണ് ശാസ്താംകോട്ട - ഭരണിക്കാവ് റൂട്ടിലെ നവീകരണം കരാറുകാരൻ പകുതിക്ക് ഉപേക്ഷിച്ചതെന്നും ആക്ഷേപമുണ്ട്. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കരുനാഗപ്പള്ളി - പുത്തൂർ റോഡിന്റെ നവീകരണം ആരംഭിച്ചെങ്കിലും ഇതും ഇഴഞ്ഞു നീങ്ങുകയാണ്. കുന്നത്തൂർ തുളിക്കൽ മേഖലയിൽ റോഡ് വീതികൂട്ടുന്നതിനായി ഉറപ്പിച്ച മെറ്റലുകൾ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഒലിച്ചു പോയി. ഇതും യാത്രക്കാരെ വലയ്ക്കുന്നു.
ബസുകളുടെ മത്സര ഓട്ടവും ഭീഷണി
ബസുകളുടെ മത്സരയോട്ടവും യാത്രക്കാർക്ക് മറ്റൊരു ഭീഷണിയാണ്. ശാസ്താംകോട്ടയ്ക്കും കരുനാഗപ്പള്ളിക്കും ഇടയിലുള്ള രണ്ട് ലെവൽ ക്രോസുകളിലും നഷ്ടപ്പെടുന്ന സമയം ക്രമീകരിക്കുന്നതിനാണ് അമിത വേഗത്തിലോടുന്നതെന്നാണ് ബസുകാരുടെ വാദം കുഴികൾ നിറഞ്ഞ റോഡിലൂടെ അമിതവേഗത്തിലുള്ള നടുവൊടിക്കുന്നതാണ്. ബസുകളുടെ മത്സരയോട്ടം കാരണം കഴിഞ്ഞ ദിവസം മൈനാഗപ്പള്ളിയിലുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇതോടെ യാത്രക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്നും പരാതിയുണ്ട്.
വിദ്യാർത്ഥികളെ കയറ്റാതെ അമിത വേഗത്തിലോടുന്ന സ്വകാര്യ ബസുകൾക്കെതിരെയുള്ള പരാതി വർദ്ധിക്കുകയാണ്. ശാസ്താംകോട്ട - കരുനാഗപ്പള്ളി റൂട്ടിലും ശാസ്താംകോട്ട - ചവറ റൂട്ടിലുമാണ് ഏറെ പരാതിയുള്ളത്. വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസ് കഴിഞ്ഞ ദിവസം പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും
ഷമീർ ഇസ്മായിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി