ഓച്ചിറ: ഭീമാകാരമായ കെട്ടുകാളകൾ അണിനിരക്കുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28ാം ഓണമഹോത്സവത്തിൽ ചരിത്രം കുറിക്കാൻ ഞക്കനാൽ പടിഞ്ഞാറെകര പുതിയ കെട്ടുകാളയുമായി എത്തുന്നു. 60 അടി ഉയരമുള്ള 'വിശ്വ പ്രജാപതി കാലഭൈരവനാണ് ' പുതിയ താരം. കാലഭൈരവന്റെ ശിരസിന്റെ ഉയരം 17 അടിയാണ്. പ്രശസ്ത ശിൽപ്പി അന്തരിച്ച ചുനക്കര രാജന്റെ ശിഷ്യൻ പ്രിജിത് വടക്കുംതലയാണ് ശിരസ് നിർമ്മിച്ചത്.
ഇന്നലെ നടന്ന ചടങ്ങിൽ ശിൽപ്പിയിൽ നിന്നും കരക്കാർ ശിരസ് ഏറ്റുവാങ്ങി ഘോഷയാത്ര നടത്തി. താലപ്പൊലിയേന്തിയ നൂറുകണക്കിന് അംഗനമാരുടെയും കരിവീരന്മാരുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് ശിരസും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കാളകെട്ടുസ്ഥലത്ത് സമാപിച്ചത്.
ഏഴിലംപാല മരത്തിലാണ് ശിരസ് നിർമ്മിച്ചത്. ഉടലും ചട്ടവും ആഞ്ഞിലി തടിയിലാണ്. 15 ക്വിന്റൽ ഉരുക്ക് ഉപയോഗിച്ച് ചട്ടം ബലപ്പെടുത്തിയിട്ടുണ്ട്. ടൺ കണക്കിന് വൈക്കോലും 500 മീറ്റർ ചുവപ്പ്, വെള്ള തുണികളും കാളകെട്ട് നിർമ്മാണത്തിന് ഉപയോഗിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ കെട്ടുകാളയുടെ നിർമ്മാണം പൂർത്തിയായിവരുന്നു. ക്രെയിൻ ഉപയോഗിച്ചുമാത്രമേ ഇത്രയും വലിപ്പമുള്ള കെട്ടുകാളയെ ഓച്ചിറ പടനിലത്ത് എത്തിക്കാൻ കഴിയുകയുള്ളൂ.
55 അടി ഉയരമുള്ള മാമ്പ്രക്കന്നേൽ യുവജനസമിതിയുടെ ഓണാട്ടുകതിരവൻ ആയിരുന്നു ഇതുവരെ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ എത്തിയിരുന്ന ഏറ്റവും ഉയരം കൂടിയ കെട്ടുകാള.