gun

കൊല്ലം: ജില്ലയിൽ ആറിടത്ത് തോക്കിൻ മുനയിൽ നിറുത്തി മാല പിടിച്ചുപറിച്ച പ്രതികളെ തേടി കൊല്ലം ഈസ്‌റ്റ് എസ്.ഐ ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഇന്ന് ഉത്തരാഖണ്ഡിലേക്ക് പുറപ്പെടും. കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ നിന്ന് മൂന്നുപേർ വീതമുള്ള പൊലീസുകാരുടെ സംഘം എസ്.ഐയെ അനുഗമിക്കും.
മാല പൊട്ടിച്ച രണ്ടുപേർ സഞ്ചരിച്ച ബൈക്ക് കുണ്ടറ റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് നിന്ന് മോഷ്‌ടിച്ചതായിരുന്നു. എന്നാൽ, ഇവർക്ക് എസ്കോർട്ടായി സഞ്ചരിച്ച കറുത്ത സ്‌‌കോർപ്പിയോ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ആർ.സി ഉടമ ഉത്തരേന്ത്യയിലെ ഡെറാഡൂൺ സ്വദേശിയാണെന്നാന്നാണ് പ്രാഥമിക വിവരം. രണ്ട് പ്രതികൾ കടപ്പാക്കടയിൽ ബൈക്ക് ഉപേക്ഷിച്ച ശേഷം ഈ വാഹനത്തിൽ കയറിയാണ് രക്ഷപ്പെട്ടത്. സംഭവ ദിവസമായ കഴിഞ്ഞ ശനിയാഴ്ച തന്നെ ഈ വാഹനം ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങൾ നിരീക്ഷണ കാമറയിൽ നിന്ന് ലഭിച്ചു.
ആറിടത്ത് പിടിച്ചുപറിച്ച ആഭരണങ്ങളിൽ ഒന്ന് സ്വർണമല്ലായിരുന്നു. അഞ്ച് പേരിൽ നിന്നായി 15 പവനോളമാണ് സംഘം തട്ടിയെടുത്തത്. ഇത്തരം ഓപ്പറേഷനുകൾക്ക് ഇറങ്ങുന്ന സംഘം ഒരു സംസ്ഥാനത്ത് ദൗത്യം വിജയിച്ചാലും ഇല്ലെങ്കിലും മറ്ര് സംസ്ഥാനങ്ങളിലും ഭാഗ്യം പരീക്ഷിച്ചേ മടങ്ങി എത്താറുള്ളുവെന്ന് ഉത്തരാഖണ്ഡ് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ കേരളാ പൊലീസ് തമിഴ്‌നാട് പൊലീസിന് ജാഗ്രതാ സന്ദേശം നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം തമിഴ്നാട്ടിലും തെരച്ചിൽ നടത്തുന്നുണ്ട്.

ബൈക്കിൽ കറങ്ങി കവർച്ച ചെയ്‌ത രണ്ടുപേരുടെ ചിത്രങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചത്. ഇതുപയാഗിച്ച് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചതിന് പുറമെ ഇവരെ സംബന്ധിച്ച വിവരങ്ങൾക്കായി ചിത്രങ്ങൾ ഉത്തരാഖണ്ഡ് പൊലീസിന് കൈമാറി. ശനിയാഴ്‌ച പകൽ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് പിടിച്ചുപറി നടത്തിയത്.
ഇന്ന് പുറപ്പെടുന്ന ഏഴംഗ സംഘം ഉത്തരാഖണ്ഡിലെത്തിയ ശേഷം ആവശ്യമെങ്കിൽ കമാൻഡോ പരിശീലനം നേടിയ പൊലീസ് സംഘത്തെ അയക്കും. കൊല്ലം എ.സി.പി എ.പ്രതീപ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.