pathanapuram
പത്തനാപുരം സബ്ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്തിയവർ കാത്തുനിൽക്കുന്നു

■ തിരക്കിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു

പത്തനാപുരം/കൊല്ലം:സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കുള്ള പെൻഷൻ വിതരണം തകിടം മറിഞ്ഞു. സർവർ തകരാറിലായതാണ് കാരണമെന്ന് അധികൃതർ അറിയിച്ചു. പത്തനാപുരം, കൊട്ടാരക്കര സബ് ട്രഷറികൾ വഴിയുള്ള പെൻഷൻ വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പത്തനാപുരം സബ് ട്രഷറിയിൽ തിരക്കിനിടെ കുഴഞ്ഞു വീണ ട്രഷറി ജീവനക്കാരൻ അനുരാജിനെ വെഞ്ഞാറമൂട്ടിലെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബാങ്കുകൾ വഴി പെൻഷൻ കൈപ്പറ്റിയിരുന്നവർക്കും തുക ലഭിച്ചില്ല. ഒന്നാം തീയതിതോറും അക്കൗണ്ടിൽ എത്തിയിരുന്ന തുക മൂന്നാം തീയതിയായ ഇന്നലെയും ലഭിച്ചില്ലെന്ന് പലരും പരാതി പറഞ്ഞു.

തകരാർ പരിഹരിച്ച് വൈകുന്നേരത്തോടെയാണ് പെൻഷൻ വിതരണം പുനരാരംഭിച്ചത്. ശാരീരിക അവശത കാരണം മിക്കവരും ട്രഷറികളിൽ നിന്ന് നിരാശരായി മടങ്ങിയിരുന്നു. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവരാണ് പെൻഷൻകാരിൽ ഏറെയും. നൂറുകണക്കിന് പേരെയാണ് സർവർ തകരാർ വലച്ചത്.