കൊട്ടാരക്കര: വർഗീയതയ്ക്ക് വളമിടാൻ ജനാധിപത്യ സംസ്കാരത്തിൽ അനുവദിക്കരുതെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി തലച്ചിറ പി.കെ.വി ഗ്രന്ഥശാല സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമന ചിന്താഗതി വളർന്ന് വരുമ്പോഴും വർഗീയ ചിന്തകൾ മറ്റൊരു തരത്തിൽ തലപൊക്കുന്നുണ്ട്. ഇതിന് മാറ്റമുണ്ടാകണം. സത്യത്തിലും ധർമ്മത്തിലും അധിഷ്ഠിതമായ തത്വശാസ്ത്രമാണ് ഗാന്ധിയൻ ആദർശങ്ങൾ. അതിന് പ്രസക്തി ഏറിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വായനശാലാ പ്രസിഡന്റ് എ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. അക്ഷരമുറ്റം തുറന്ന വേദിയുടെ സമർപ്പണം ജില്ലാ പഞ്ചായത്തംഗം സരോജിനി ബാബു നിർവഹിച്ചു. ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ മാത്തുകുട്ടി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി, ഗ്രന്ഥശാലാ ഭാരവാഹികളായ ആർ. രാഹുൽ, ബി. അജിത് കുമാർ, ചിത്രകാരൻ സുരേഷ് കോട്ടാത്തല എന്നിവർ സസാരിച്ചു.