കൊട്ടാരക്കര: കൊട്ടാരക്കര - ശാസ്താംകോട്ട റോഡിന്റെ സ്ഥിതി കൂടുതൽ പരിതാപകരമായ അവസ്ഥയിലായതോടെ യാത്രക്കാരുടെ ബുദ്ധിമുട്ട് വർദ്ധിക്കുന്നു. റോഡ് തകർന്ന് കുണ്ടും കുഴിയും രൂപപ്പെട്ട് മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടങ്ങളും ഏറുകയാണ്. റോഡിന്റെ നിർമ്മാണപ്രവർത്തനം വർഷങ്ങൾ പിന്നിട്ടിട്ടും ഇഴഞ്ഞ് നീങ്ങുകയാണ്. മഴ മാറി നിൽക്കുമ്പോഴും ടാറിംഗ് പുനരാരംഭിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകുന്നില്ല. ശോച്യാവസ്ഥയിലായ റോഡിൽക്കൂടി പതിവ് യാത്ര ചെയ്യുന്നവരുടെ വാഹനങ്ങളെല്ലാം മിക്ക ദിവസങ്ങളിലും തകരാറിലായി വർക്ക് ഷോപ്പുകളിലാണ്. സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കുന്ന തരത്തിലുള്ള ആലോചനകളും നടത്തുന്നുണ്ട്. കൊട്ടാരക്കര മുസ്ളിം സ്ട്രീറ്റ് ഭാഗം, അവണൂരിനും പാലമുക്കിനും ഇടയിലുള്ള പ്രദേശം എന്നിവിടങ്ങളിലെ റോഡാണ് ഏറ്റവും കൂടുതൽ തകർന്നിട്ടുള്ളത്. അവണൂരിൽ കലുങ്ക് പുനർ നിർമ്മിക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നതാണ് ചെറിയ ആശ്വാസം. അവണൂർ സഹകരണ ബാങ്കിന് മുന്നിലും കലുങ്ക് പുനർ നിർമ്മാണ ജോലികൾ നടക്കുകയാണ്. അവണൂർ മുതൽ കോട്ടാത്തല സരിഗ ജംഗ്ഷൻ വരെ ടാറിംഗ് നടത്തിയിരുന്നു. ശേഷിക്കുന്ന ഭാഗങ്ങളിൽ സ്ഥിതി കൂടുതൽ ദയനീയമായി തുടരുകയാണ്.
20 കോടിയുടെ പദ്ധതി
കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട - കൊട്ടാരക്കര- നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 20.80 കോടി രൂപയാണ് അനുവദിച്ചത്. അവണൂർ മുതൽ പുത്തൂരിന് സമീപത്ത് വരെയുള്ള ഭാഗങ്ങളിൽ വീതി കൂട്ടി. നിർമ്മാണപ്രവർത്തനങ്ങളിൽ ക്രമക്കേടും കാലതാമസവും വരുത്തിയതിനെ തുടർന്ന് അസി. എക്സി. എൻജിനിയറടക്കമുള്ള ഉദ്യോഗസ്ഥരെ മന്ത്രി ജി. സുധാകരൻ ഇടപെട്ട് സസ്പെൻഡ് ചെയ്തിരുന്നു. രണ്ടാഴ്ച മുൻപും മന്ത്രി ഈ വിഷയത്തിൽ ഇടപെടുകയും കൊല്ലത്ത് പ്രത്യേക യോഗംവിളിച്ചു ചേർത്ത് ചർച്ച ചെയ്യുകയുമുണ്ടായി. എന്നിട്ടും ഫലമുണ്ടായില്ല.
ടാറിംഗ് നടത്തുന്നില്ല
പാണ്ടറ, കല്ലുംമൂട് മുതൽ പുത്തൂരിലേക്കുള്ള ഭാഗത്ത് ടാറിംഗ് നടത്തുന്നതിന് മുന്നോടിയായി റോഡിലെ നിലവിലുണ്ടായിരുന്ന ടാറിംഗ് ഇളക്കി മാറ്റിയിരുന്നു. പിന്നീട് ടാറിംഗ് നടത്താത്തതിനാൽ ഇവിടെ സ്ഥിതി വളരെ മോശമായി മാറി. കുന്നത്തൂർ പാലം കഴിഞ്ഞാൽ സിനിമാ പറമ്പ് വരെയും പല ഭാഗങ്ങളിലും റോഡ് തകർന്നിരിക്കുകയാണ്. കൊട്ടാരക്കര നിന്ന് പുത്തൂരിലേക്കുള്ള 9 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ ഇപ്പോൾ ഒരു മണിക്കൂറിൽ കൂടുതൽ വേണ്ടിവരുന്നുവെന്നാണ് വാഹന യാത്രികർ പറയുന്നത്.