photo
വെള്ളനാതുരുത്ത് മൈനിംഗ് ഏരിയായിൽ നിർമ്മിക്കുന്ന തീര സംരക്ഷണ ഭിത്തി.

കരുനാഗപ്പള്ളി: മൈനിംഗ് ഏരിയാ തീര സംരക്ഷണ പാക്കേജനുസരിച്ച് ചവറ ഐ.ആർ.ഇ കമ്പനി നേരിട്ട് നടത്തുന്ന തീരസംരക്ഷണ ഭിത്തിയുടെ നിർമ്മാണത്തിലെ അപാകതയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. തീരസംരക്ഷണത്തിനായുള്ള പാറകളെക്കുറിച്ച് ഇവർക്ക് വ്യക്തമായ അറിവില്ലെന്നും സംരക്ഷണ ഭിത്തിയുടെ നിർമ്മാണച്ചുമതല ഇറിഗേഷൻ വകുപ്പിനെ ഏല്പിപ്പിക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്. അര നൂറ്റാണ്ടിലേറെയായി ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിലുടനീളം തീരസംരക്ഷണ ഭിത്തികളും പുലിമുട്ടുകളും നിർമ്മിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നത് ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. കടലിൽ നിന്ന് തീരത്തേക്ക് ആഞ്ഞടിക്കുന്ന കൂറ്റൻ തിരമാലകളെ ചെറുക്കാൻ ശക്തിയുള്ള വലിയ പാറകളാണ് (നമ്പർസ്റ്റോൺ) തീരത്ത് നിരത്തേണ്ടത്. എന്നാൽ ഇതിനു വിപരീതമായി സാധാരണ വലിപ്പത്തിലുള്ള പാറകളാണ് കരാറുകാരൻ നിരത്തുന്നതെന്ന് ആക്ഷേപം ശക്തമാണ്. ഇതിന് ചെറിയ തിരമാലകളെ ചെറുക്കാനുള്ള ശേഷി പോലുമില്ല. വെള്ളനാതുരുത്ത് മൈനിംഗ് ഏരിയാ മുതൽ വടക്കോട്ട് യോഗീശ്വൻ ക്ഷേത്രത്തിന് സമീപം വരെ കരിങ്കൽ ഭിത്തിയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

1 കോടി രൂപയാണ് തീരസംരക്ഷണത്തിനായി കമ്പനി ചെലവഴിക്കുന്നത്

തീരം സംരക്ഷിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെങ്കിൽ കരാറുകാരനെ കൊണ്ട് നമ്പർ സ്റ്റോൺ ഉപയോഗിച്ച് പണി നടത്തണം. ഇപ്പോൾ നടത്തുന്ന തരത്തിലുള്ള പണിക്കാണ് കരാറുകാരൻ തയ്യാറാകുന്നതെങ്കിൽ നിർമ്മാണം തടയുന്നതുൾപ്പെടെയുള്ള സമരം സംഘടിപ്പിക്കും. പണി പൂർത്തിയായ ഭാഗത്തെ കരിങ്കൽ ഭിത്തിയുടെ നിർമ്മാണത്തിൽ വന്നിട്ടുള്ള അപാകതകളെ കുറിച്ച് അന്വേഷണം നടത്തണം

പ്രദേശവാസികൾ

തീരസംരക്ഷണഭിത്തി

കരിമണൽ ഖനനം മൂലമുണ്ടാകുന്ന മണ്ണിടിച്ചിൽ തടയുന്നതിനായാണ് വെള്ളാനാതുരുത്ത് മുതൽ വടക്കോട്ട് പണിക്കർകടവ് പാലത്തിന് പടിഞ്ഞാറ് വശം വരെ കമ്പനി തീരസംരക്ഷണഭിത്തി നിർമ്മിക്കുന്നത്. കമ്പനിയുടെ സിവിൽ വിഭാഗമാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.