കൊല്ലം: സി.പി.എം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. കൊല്ലം കോർപ്പറേഷനിലെ അഴിമതികൾക്കെതിരെ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നഗരസഭാ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പണമെല്ലാം വകമാറ്റി ചെലവഴിക്കുകയാണ്. കരാറുകാരിൽ നിന്ന് കമ്മിഷൻ തട്ടാനുള്ള സി.പി.എം നേതാക്കളുടെ ശ്രമമാണ് പദ്ധതികൾ അട്ടിമറിക്കപ്പെടാൻ കാരണം. സി.പി.എം സംസ്ഥാന നേതാക്കളാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും കൺസൾട്ടൻസികളെയും കരാറുകാരെയും നിശ്ചയിക്കുന്നത്. സി.പി.എമ്മും അഴിമതിയും ഇരട്ടപെറ്റ കുട്ടികളായി മാറിയിരിക്കുന്നു. സി.പി.എമ്മിന്റെ കറവപ്പശുക്കളായി നഗരസഭകൾ മാറുകയാണെന്നും എം.ടി രമേശ് പറഞ്ഞു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ജിതിൻദേവ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, നഗരസഭാ കൗൺസിലർ ഷൈലജ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അനീഷ് പാരിപ്പള്ളി, വിഷ്ണു പട്ടത്താനം, ജില്ലാ ഭാരവാഹികളായ അഭിഷേക് മുണ്ടയ്ക്കൽ, അനീഷ് ജലാൽഷ, ജമുൻ ജഹാംഗീർ, ആര്യ സതീഷ്, രതീഷ്, പ്രശാന്ത്, മുരുകേഷ്, ധനീഷ് തുടങ്ങിയവർ സംസാരിച്ചു.
ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് എസ്.ബി.ഐ ബാങ്കിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാൽ സംഘർഷം ഉണ്ടായില്ല.