കൊല്ലം: സ്ഥലപരിമിതി മൂലം മാലിന്യങ്ങൾ തുറസായ സ്ഥലങ്ങളിലും പറമ്പുകളിലും നിക്ഷേപിക്കുന്ന പ്രവണത കുറയ്ക്കാനായി കൊല്ലം കോർപ്പറേഷൻ പുതിയ പദ്ധതിയുമായി രംഗത്ത്. വീടിന്റെ അടുക്കളയിൽ നിന്ന് ജൈവ മാലിന്യം ശേഖരിച്ച് കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന തരത്തിൽ കിച്ചൻ ബിന്നുകൾ പൊതുജനങ്ങൾക്ക് നൽകാനാണ് കോർപ്പറേഷന്റെ തീരുമാനം. ഇതിനൊപ്പം അജൈവ മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്കിൾ ചെയ്യാനുള്ള പദ്ധതിയും ഒരുങ്ങിക്കഴിഞ്ഞു. ഓരോ വീടുകളിലെയും പ്ലാസ്റ്റിക്, തുണി, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയവ റീസൈക്കിൾ ചെയ്യലാണ് അജൈവ മാലിന്യ ശേഖരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ജൈവമാലിന്യ ശേഖരണം
വീട്ടിലെ അടുക്കളയിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ ശേഖരിക്കാനായി മൂടി സഹിതമുള്ള മൂന്നു ബിന്നുകളാണ് കോർപ്പറേഷൻ നൽകുന്നത്. ഓരോ ഡിവിഷനിലും ആയിരം ബിന്നുകൾ വീതം നൽകണമെന്നാണ് തീരുമാനം. ഓരോ ബിന്നുകളും നിറയുന്നതിനനുസരിച്ച് അടുത്ത ബിൻ ഉപയോഗിക്കാം. 11 ഡിവിഷനുകളിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് റോട്ടറി ക്ലബിന്റെ സഹായം ലഭിക്കും. ബിന്നുകൾക്കായി ഡിവിഷൻ കൗൺസിലർക്ക് അപേക്ഷ നൽകണം. ഇത് എല്ലാ വീടുകളിലും നിർബന്ധമാണ്.
അജൈവ മാലിന്യ ശേഖരണം
പ്ലാസ്റ്റിക്, തുണി, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ റീസൈക്കിൾ ചെയ്യലാണ് അജൈവ മാലിന്യ ശേഖരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു ഡിവിഷനെ 5 ക്ലസ്റ്ററുകളാക്കി തിരിച്ച ശേഷം മാസത്തിലൊരിക്കൽ ഇവ ശേഖരിക്കാനാണ് തീരുമാനം. ആദ്യ തവണ പ്ലാസ്റ്റിക്, പിന്നീട് തുണികൾ, ഇലക്‌ട്രോണിക് വേസ്റ്റ് എന്നിങ്ങനെയാണ് മുൻകൂട്ടി അറിയിച്ച ശേഷം ശേഖരിക്കുക. എണ്ണ, പാൽ, മീൻ എന്നിവയുടെ കവറുകൾ നന്നായി കഴുകിയ ശേഷമേ ശേഖരിക്കുകയുള്ളൂ. ഇതിനായി ഒരു വീട്ടിൽ നിന്ന് മാസം 60 രൂപ ഈടാക്കും.
''പലരും മാലിന്യ നിർമാർജനവുമായി സഹകരിക്കാറില്ല. പണം മുടക്കാനുള്ള മടിയാണ് പ്രധാന പ്രശ്നം. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് വിമുഖത കാണിക്കുകയും പിന്നീട് മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അമിത ഫൈനിനൊപ്പം പത്ര മാദ്ധ്യമങ്ങളിലൂടെ അവ പൊതുജനത്തിനു മുന്നിലെത്തിക്കാനാണ് തീരുമാനം.
- വിജയ ഫ്രാൻസിസ്, ഡെപ്യൂട്ടി മേയർ
അടുക്കളയിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ ശേഖരിക്കാനായി 1800 രൂപയോളം വിലവരുന്ന മൂടി സഹിതമുള്ള മൂന്നു ബിന്നുകൾ 90 ശതമാനം സബ്സിഡിയോടെ 180 രൂപയ്‌ക്കാണ് ജനങ്ങൾക്ക് കോർപ്പറേഷൻ നൽകുന്നത്
50000 ബിന്നുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്