traffic
Traffic

 പാതയോരങ്ങൾ കൈയേറുന്നു

കൊല്ലം: ദിവസങ്ങൾ പിന്നിടുന്തോറും റോഡ് വക്കിലെ അനധികൃത പാർക്കിംഗിൽ കുരുങ്ങി മുറുകുകയാണ് പള്ളിമുക്ക്. പാതയോരം നിറയെ വാഹനങ്ങൾ നിറയുമ്പോൾ കാൽനടയാത്രക്കാർ ബുദ്ധിമുട്ടുന്നതിനൊപ്പം വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടവും ഇടിയുകയാണ്.

കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് പള്ളിമുക്ക് ഏറ്റവുമധികം കുരുങ്ങി മുറുകുന്നത്. പള്ളിമുക്ക് ജംഗ്ഷന് സമീപത്തായി നാല് ഓഡിറ്റോറിയങ്ങളുണ്ട്. ഇവിടെ വരുന്ന വാഹനങ്ങൾ ഒന്നര കിലോമീറ്ററോളം നീളത്തിൽ റോഡിന്റെ ഇരുവശത്തുമായാണ് പാർക്ക് ചെയ്യുന്നത്. ഇതോടെ റോഡ് വക്കുകളിലെ കടകളാകെ മറയും. ഒരു ഈച്ചയ്ക്ക് പോലും പിന്നീട് ഈ സ്ഥാപനങ്ങളിലേക്ക് കടക്കാനാകാത്ത സ്ഥിതിയാകും. ദേശീയപാത വഴിയുള്ള ഗതാഗതവും ഇതോടെ സ്തംഭിക്കും.

വിവാഹസമയത്തിന് ഒരു മണിക്കൂർ മുമ്പേ എത്തുന്ന വാഹനങ്ങൾ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞാകും മടങ്ങുക. അല്പം അകലെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയിടാൻ പറഞ്ഞാലും വാഹന ഉടമകളും ഡ്രൈവർമാരും കേൾക്കില്ലെന്ന് വ്യാപാരികൾ പറയുന്നു. ഡ്രൈവർമാരും വ്യാപാരികളും തമ്മിലുള്ള തർക്കം പലദിവസങ്ങളിലും സംഘർഷത്തിന്റെ വക്കോളമെത്തിയിട്ടുണ്ട്. വിവാഹങ്ങൾ കൂടുതലുള്ള ദിവസങ്ങളിൽ ഓഡിറ്റോറിയങ്ങളുടെ മുന്നിൽ ഗതാഗതം ക്രമീകരിക്കാൻ ഇടക്കാലത്ത് പൊലീസിനെ നിയോഗിച്ചെങ്കിലും ഇപ്പോൾ അതുമില്ല.

 പാർക്കിംഗ് കേന്ദ്രം സജ്ജമാക്കണം

പള്ളിമുക്കിൽ ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ പാർക്കിംഗ് കേന്ദ്രം സജ്ജമാക്കിയാൽ ഓഡിറ്റോറിയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാം. ഗതാഗത കുരുക്കിനൊപ്പം വ്യാപാര സ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടും ഇതോടെ പരിഹരിക്കപ്പെടും.

 '' അനധികൃത പാർക്കിംഗ് കാരണം കച്ചവടക്കാർ വലിയ ബുദ്ധിമുട്ടിലാണ്. ഹോട്ടലുകാരെയാണ് പ്രധാനമായും ബാധിക്കുന്നത്. പല ദിവസങ്ങളിലും ഉച്ചയ്ക്ക് പാകം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ പാഴായിപ്പോവുകയാണ്. വിവാഹങ്ങൾ ഉള്ള ദിവസം ഉച്ചയ്ക്ക് 12നും മൂന്നിനും ഇടയിൽ ഒരു കച്ചവടവും നടക്കില്ല. പതിനായിരക്കണക്കിന് രൂപയാണ് ഇങ്ങനെ നഷ്ടമാകുന്നത്. ഇടക്കാലത്ത് പൊലീസ് ഇടപെട്ടെങ്കിലും പിന്നീട് നിസംഗരായി. "

ബിസ്മില്ല സുനിൽ (ബിസ്മില്ല ഹോട്ടൽ ഉടമ)