saradavilasini-new
ശാരദാവിലാസിനി വായനശാല

കൊല്ലം: സമൂഹത്തിന്റെ നിലനിൽപ്പിന്റെയും മുന്നേറ്റത്തിന്റെയുംചാലകശക്തിയാകാൻ വായനശാലയ്ക്ക് കഴിയട്ടെ.... വർഷങ്ങൾക്ക് മുമ്പ് വെൺപാലക്കര ശാരദാവിലാസിനി വായനശാല സന്ദർശിച്ച കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസ് സന്ദർശക ഡയറിയിൽ ഇങ്ങനെ കുറിച്ചു. വർഷങ്ങൾക്കിപ്പുറം ആ വാക്കുകൾ യാഥാർത്ഥ്യമാക്കി അദ്ദേഹത്തിന്റെ നാമത്തിലുള്ള ആദരവ് ഏ​റ്റുവാങ്ങുമ്പോൾ അത് കാലം കാത്തുവച്ച ചരിത്ര നിമിഷമാകുകയാണ്.

ഒരു പ്രദേശത്തിനാകെ അക്ഷരവെളിച്ചമേകുന്ന വെൺപാലക്കര ശാരദാവിലാസിനി വായനശാലയ്ക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ് പുരസ്കാരം ലഭിച്ചു. അരലക്ഷം രൂപയും വെങ്കലശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നവംബറിൽ ശാരദാവിലാസിനി വായനശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

വെൺപാലക്കരയെന്ന പിന്നാക്ക നെയ്ത്ത് ഗ്രാമത്തിൽ 1927 ൽ പ്രവർത്തനം ആരംഭിച്ച ശാരദാവിലാസിനി 92 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്തെ മ​റ്റ് ഗ്രന്ഥശാലകൾക്കാകെ മാതൃകയാകുകയാണ്. യോഗ, കരാട്ടെ പരിശീലനം, വനിതാ വേദി, ബാലവേദി, കർഷക വേദി, വയോജനവേദി, കരിയർ ഗൈഡൻസ് സെന്റർ, വിവിധ പരിശീലന ക്ലാസുകൾ തുടങ്ങി പ്രഭാതം മുതൽ പ്രദോഷം വരെ വിഭിന്നങ്ങളായ പ്രവർത്തനങ്ങളാൽ സമ്പന്നമാണിന്നിവിടം.

ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള എം.എൻ.വി.ജി അടിയോടി പുരസ്‌ക്കാരം, ഫെസ്‌ക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സോളാറിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാല, പരമ്പരാഗത നെയ്ത്ത് ഏ​റ്റെടുത്തു നടത്തുന്ന ആദ്യ ഗ്രന്ഥശാല എന്നിവയെല്ലാം ശാരദാ വിലാസിനി വായനശാലയെ വേറിട്ടതാക്കുന്നുവെന്ന് പ്രസിഡന്റ് എസ്. മധുവും സെക്രട്ടറി ഐ. സലിൽകുമാറും പറഞ്ഞു.