പുനലൂർ: പുനലൂർ പട്ടണത്തിൽ അനധികൃത വാഹന പാർക്കിംഗ് മൂലം കാൽ നടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ട്രാഫിക് ബോധവൽക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി പുനലൂർ നഗരസഭയും കേരളകൗമുദിയും സംയുക്തമായി സെമിനാർ സംഘടിപ്പിക്കും. 10ന് ഉച്ചയ്ക്ക് 2ന് പുനലൂർ നഗരസഭാ കോൺഫറൻസ് ഹാളിൽ ചെയർമാൻ കെ. രാജശേഖരൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. പുനലൂർ ടി.ബി ജംഗ്ഷൻ മുതൽ ചെമ്മന്തൂർ വരെയുള്ള ദേശീയ പാതയോരത്തും കച്ചേരി റോഡിന് പുറമേ പുനലൂരിൽ നിന്നാരംഭിക്കുന്ന വെട്ടിപ്പുഴയിലെ പാതയോരങ്ങളിലുമാണ് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് പാതയോരത്ത് കൂടി നടക്കാനാകാത്ത അവസ്ഥയാണ്. ഇത് കണക്കിലെടുത്താണ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നത്. പുനലൂർ എസ്.ഐ ജി. രാജീവ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരൻ തുടങ്ങിയവർ സെമിനാറിൽ ക്ലാസുകൾ നയിക്കും.
പാതയോരങ്ങളിൽ ട്രാഫിക് നിയമം അനുസരിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യാത്തതാണ് പുനലൂരിലെ ഗതാഗതക്കുരുക്കിന്റെ മുഖ്യകാരണം. വ്യാപാര ശാലകളിലെത്തുന്നവർ പാതയോരങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നുണ്ട്. ഇവർക്ക് ബോധവൽക്കരണം നൽകണം. വാഹനങ്ങൾ പാർക്ക് ചെയ്യാനായി ഭൂമി കണ്ടെത്തും. ഇത്തരം സാഹചര്യത്തിൽ കേരളകൗമുദി സംഘടിപ്പിച്ചിരിക്കുന്ന ബോധവൽക്കരണ സെമിനാർ ഏറെ ഗുണം ചെയ്യും
കെ. രാജശേഖരൻ, നഗരസഭാ ചെയർമാൻ, പുനലൂർ
ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കനുഭവപ്പെടുന്നത് താലൂക്ക് ആശുപത്രി അടക്കമുള്ള 50ൽ അധികം സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കച്ചേരി റോഡിലാണ്. കച്ചേരി റോഡിന്റെ വശങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം താലൂക്ക് ആശുപത്രിയിൽ രോഗികളുമായി ആംബുലൻസിലെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇത് സംബന്ധിച്ച് ബോധവൽക്കരണം നൽകാൻ കേരളകൗമുദി മുൻ കൈയെടുത്തത് അഭിനന്ദനാർഹമാണ്.
സുശീലാ രാധാകൃഷ്ണൻ, നഗരസഭാ ഉപാദ്ധ്യക്ഷ, പുനലൂർ
പുനലൂർ പട്ടണം വാഹനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഇതോടെ പാതയോരങ്ങൾക്ക് പുറമേ റോഡിലേക്ക് ചേർന്നും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. ടൗണിലെ പ്രധാന ജംഗ്ഷനുകളിൽ ഓട്ടോ റിക്ഷ അടക്കമുളള വാഹനങ്ങളാണ് അനധികൃതമായി പാർക്ക് ചെയ്യുന്നത്. റോഡ് നവീകരിച്ച് വീതി കൂട്ടിയപ്പോൾ വാഹനങ്ങളുടെ അനധികൃത പാർക്കിംഗും വർദ്ധിച്ചു. ബോധവൽക്കരണത്തിലൂടെ ഇതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കണം
നെൽസൺ സെബാസ്റ്റ്യൻ, നഗരസഭാ പ്രതിപക്ഷ നേതാവ്