c
എസ്.എൻ കോളേജ്

കൊല്ലം: യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ കോളേജ് അധികൃതരുടെ അനുവാദമില്ലാതെ സത്യപ്രതിജ്ഞാ വാചകം തിരുത്തി പ്രതിജ്ഞയെടുത്തതിനെ തുടർന്ന് കൊല്ലം എസ്.എൻ കോളേജിലെ വിദ്യാർത്ഥി യൂണിയൻ താത്ക്കാലികമായി സസ്പെൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് ചേർന്ന കോളേജ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. റിട്ടേണിംഗ് ഓഫീസർ നൽകിയ സത്യപ്രതിജ്ഞയിലെ അവസാന വാചകത്തിന്റെ അവസാന ഭാഗം 'എന്നിലർപ്പിതമായ കർത്തവ്യം സത്യസന്ധമായും നിഷ്പക്ഷമായും കൃത്യതയോടെയും നിർവഹിക്കുമെന്ന് ദൃഢ പ്രതിജ്ഞ ചെയ്യുന്നു" എന്നായിരുന്നു. പ്രിൻൻസിപ്പൽ ഇങ്ങനെ തന്നെയാണ് ചൊല്ലിക്കൊടുത്തത്. എന്നാൽ യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ റിട്ടേണിംഗ് ഓഫീസറുടെ അനുമതിയില്ലാതെ സത്യപ്രതിജ്ഞയുടെ അവസാനഭാഗം തിരുത്തി ' അനശ്വര രക്തസാക്ഷി ശ്രീകുമാറിന്റെ നാമധേയത്തിൽ' എന്ന് തിരുകിക്കയറ്റി പ്രതിജ്ഞയെടുക്കുകയായിരുന്നു.

സത്യപ്രതിജ്ഞാവാചകം തിരുത്തുന്നത് നിയമലംഘനമാണെന്നും ഭാരവാഹികൾ ചുമലയേൽക്കാൻ അനുവദിക്കരുതെന്നും റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതോടെ പ്രിൻസിപ്പൽ കൗൺസിൽ യോഗം വിളിച്ചുചേർക്കുകയായിരുന്നു. കൗൺസിൽ യോഗത്തിൽ പങ്കെടുത്ത 23 അദ്ധ്യാപകരും ഒറ്റക്കെട്ടായി കോളേജ് യൂണിയൻ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു. തുടർന്ന് പ്രിൻസിപ്പൽ നിയമോപദേശം തേടിയ ശേഷമാണ് നടപടിയെടുത്തത്. കോളേജ് യൂണിയൻ എല്ലാ വിദ്യാർത്ഥികളുടേതുമാണെന്നും വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിച്ചിട്ടുള്ള കോളേജിൽ ഒരു സംഘടനയുടെ രക്തസാക്ഷിയുടെ പേരിൽ സത്യപ്രതിജ്ഞയെടുക്കുന്നത് നിയമവിരുദ്ധമാണെന്നും പ്രിൻസിപ്പിൽ ഡോ. ആർ. സുനിൽകുമാർ പറഞ്ഞു.

ഗുരുദേവനെ വീണ്ടും അപമാനിക്കാൻ എസ്.എഫ്.ഐ ശ്രമം

ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള കോളേജിനെ രക്തസാക്ഷിയുടെ പേരിലെ കോളേജാക്കി മാറ്റാൻ കഴിഞ്ഞ കുറെ നാളുകളായി എസ്.എഫ്.ഐ നടത്തുന്ന ശ്രമത്തിന്റെ ഒടുവിലത്തെ സംഭവമാണ് ഇന്നലെ കോളേജിലുണ്ടായത്. കോളേജിന്റെ സൽപേരിന് കളങ്കം സൃഷ്ടിക്കാൻ എസ്.എഫ്.ഐ കഴിഞ്ഞ കുറെ നാളുകളായി നടത്തുന്ന ശ്രമങ്ങൾക്കെതിരെ എസ്.എൻ.ഡി.പി യോഗം രംഗത്തിറങ്ങുകയും കഴിഞ്ഞയാഴ്ച യോഗം പ്രവർത്തകരുടെ വൻ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പത്തിമടക്കിയ എസ്.എഫ്.ഐ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞയുടെ പേരിൽ കോളേജിന് കളങ്കം ചാർത്താനിറങ്ങിയതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് നിഗമനം. കോളേജിലെ അദ്ധ്യയനാന്തരീക്ഷം കലുഷിതമാക്കാനുള്ള എസ്.എഫ്.ഐ നീക്കത്തിനെതിരെ കോളേജിലെ അദ്ധ്യാപകരും മാനേജ്മെന്റും സംയുക്തമായി പ്രതിരോധിക്കാനാണ് തീരുമാനം.