phtop
ഫൗണ്ടേഷ് ഡേ ആഘോഷങ്ങളോടനുബന്ധിച്ച് ശബരിഗിരി ഇന്റർനാഷണൽ സ്കൂളിൽ നടന്ന ചടങ്ങിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാറിനെ മന്ത്രി കടകംപളളി സുരേന്ദ്രൻ പൊന്നാട അണിയിക്കുന്നു. മന്ത്രി കെ. രാജു, ഡോ. മനോജ്, കൗൺസിലർ പ്രദീപ് തുടങ്ങിയവർ സമീപം

അഞ്ചൽ: ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജയകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശബരിഗിരി ഇന്റ‌ർനാഷണൽ സ്കൂളിൽ നടന്ന ഫൗണ്ടേഴ്സ് ഡേ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ഡോ. ജയകുമാർ നൽകിവരുന്ന സേവനങ്ങൾ വളരെ വലുതാണ്. ഈ മേഖലയിൽ ഒന്നാം നിരയിൽ നിൽക്കുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നും കടകംപള്ളി പറഞ്ഞു.

അഞ്ചലിന്റെ വികസനത്തിൽ ഡോക്ടർ വഹിച്ചുപോരുന്ന പങ്ക് വിലമതിക്കാനാകാത്തതാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ. രാജു പറ‌‌ഞ്ഞു. അവികസിതമായിരുന്ന അ‌ഞ്ചലിൽ നാല് ദശാബ്ദം മുമ്പ് സർക്കാർ ആശുപത്രി ഡോക്ടർ ആയി എത്തിയ ജയകുമാർ ഇന്ന് പൊതുരംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമാണ്. സി. കേശവൻ സ്മാരകസമിതി, മലയാറ്റൂർ സ്മാരക സമിതി തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളുടെ ഭാരവാഹികൂടിയായ ജയകുമാർ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമാണെന്നും മന്ത്രി പറഞ്ഞു.

സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയൺ അസി. സെക്രട്ടറി മനീഷ്‌കുമാർ ത്യാഗി, ഡോ. ഫസിൽ മരയ്ക്കാർ, പാലിയം ഇന്ത്യാ ഫൗണ്ടേർ ഡോ. എം.ആർ. രാജഗോപാൽ, ഗോകുലം മെഡിക്കൽ കോളേജ് എം.ഡി. ഡോ. മനോജ്, കേന്ദ്ര സർക്കാർ ടിങ്കറിംഗ് ലാബ് മുഖ്യ ഉപദേഷ്ടാവ് ചന്ദ്രശേഖരൻ നായർ, കൗൺസിലർ പ്രദീപ്, ഡോ. കെ.കെ. ഷാജഹാൻ, ഡോ. ജയകുമാറിന്റെ മകൻ ഡോ. ശബരീഷ് ജയകുമാർ, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.