c
വിവിധ ഓഫീസുകളിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

കൊല്ലം: സംയോജിത ശിശുവികസന വകുപ്പിന്റെ ഓച്ചിറ ഓഫീസിലും ഓച്ചിറ പഞ്ചായത്ത് ഓഫീസിലും വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഈ സാമ്പത്തിക വർഷത്തിൽ സംയോജിത ശിശുവികസന വകുപ്പ് ഓഫീസിൽ 18,65,000 രൂപ ചെലവഴിച്ചെങ്കിലും അത് കാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. അംഗൻവാടികളിൽ സ്റ്റോക്ക് രജിസ്റ്റർ എഴുതി സൂക്ഷിയ്ക്കുന്നില്ലെന്നും ഓരോ അംഗൻവാടികളിലും ആവശ്യമായ സാധനങ്ങളുടെ പട്ടിക വാങ്ങാതെ മുൻമാസങ്ങളിൽ നൽകിയ അളവിൽ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതായും കണ്ടെത്തി. മാവേലി സ്റ്റോറിലും സപ്ലൈകോയിലും ലഭിക്കുന്ന സാധനങ്ങൾ സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളിൽ നിന്ന് അംഗൻവാടികളിലേക്ക് വാങ്ങി നൽകുന്നതായും തെളിഞ്ഞു.

കുമ്മിൾ കൃഷി ഭവനിൽ നടത്തിയ പരിശോധനയിൽ 2015 മുതൽ കൃഷി ഭവനിൽ പ്രവർത്തിച്ചുവരുന്ന കാർഷിക കർമ്മസേനയിൽ നിലവിൽ 12 അംഗങ്ങൾ മാത്രമാണുള്ളതെന്നും കർമ്മസേനയുടെ പ്രതിമാസയോഗങ്ങൾ കൂടുന്നില്ലെന്നും കണ്ടത്തി. കർമ്മസേനയ്ക്കായി 2016 ൽ കൃഷി വകുപ്പ് നൽകിയ 10 ലക്ഷം രൂപയിലധികം വില വരുന്ന ട്രാക്ടർ, ടില്ലർ, സ്പ്രയർ, കട്ടറുകൾ, പമ്പുസെറ്റുകൾ തുടങ്ങിയ 24 ഓളം ഉപകരണങ്ങളിൽ ടില്ലർ, ബുഷ് കട്ടർ, മൺവെട്ടി, കുട്ട എന്നീ ഉപകരണങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റുപകരണങ്ങളെല്ലാം നശിക്കുകയാണ്. ഉപയോഗിക്കുന്ന ടില്ലറിന്റെയും മറ്റും ലോഗ് ബുക്ക് കൃത്യമായി പരിപാലിക്കുന്നില്ലെന്നും കാഷ് ബുക്ക് സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം വിജിലൻസ് ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് കെ. അശോകകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർമാരായ വി. ആർ. രവികുമാർ, അൽജബാർ, പ്രമോദ് കൃഷ്ണൻ, വി.പി. സുധീഷ്, കൊല്ലം പ്ലാനിംഗ് ഓഫീസിലെ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ കെ.രാധ, കൊല്ലം ഇൻലാന്റ് നാവിഗേഷനിലെ അസി. എൻജിനിയർമാരായ ശിവപ്രസാദ്. ജിജികുമാരി എന്നിവരാണ് പരിശോധന നടത്തിയത്.