അഞ്ചൽ: ഏരൂർ പണയിൽ വീട്ടിൽ സരളമ്മയുടെ അപ്രതീക്ഷിത വിയോഗം ഏരൂർ ഗ്രാമത്തെ മാത്രമല്ല കിഴക്കൻ മേഖലയെ തന്നെ ദുഃഖത്തിലാഴ്ത്തി. പ്രമുഖ സി.പി.ഐ നേതാവും എം.എൽ.എയുമായിരുന്ന പി.കെ. ശ്രീനിവാസന്റെ ഭാര്യയായ സരളമ്മ നാട്ടുകാരുടെ പ്രിയപ്പെട്ട സരളമ്മ ടീച്ചറായിരുന്നു. ഏരൂർ ഗവ. സ്കൂളിൽ നിന്ന് വിരമിച്ച ശേഷം മകൻ പി.എസ്. സുപാലിനൊപ്പം കുടുംബ വീട്ടിലായിരുന്നു താമസം. ദീർഘകാലം ജനപ്രതിനിധിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ശ്രീനിവാസന്റെ പ്രവർത്തനങ്ങൾക്ക് എപ്പോഴും താങ്ങും തണലുമായി നിന്നിട്ടുള്ള സരളമ്മ ടീച്ചർ രണ്ട് തവണ എം.എൽ.എ ആയിരുന്ന മകൻ സുപാലിന്റെ പ്രവർത്തനങ്ങൾക്കും ഊർജ്ജം പകർന്നിരുന്നു. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് പല ആവശ്യങ്ങളുമായി പണയിൽ വീട്ടിൽ എത്തിയിരുന്നത്. അവരെയെല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നതിലും വിശന്ന് വരുന്നവർക്ക് ആഹാരം നൽകുന്നതിലും സരളമ്മ ടീച്ചർ പിശുക്ക് കാട്ടിയിരുന്നില്ല. സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ.സി. ഗോവിന്ദന്റെയും ദേവകി അമ്മയുടെയും അഞ്ചുമക്കളിൽ ഏറ്റവും മൂത്ത മകളായിരുന്നു സരളമ്മ. ഇവരുടെ കുടുംബം ആലപ്പുഴയിൽ കഴിഞ്ഞിരുന്ന കാലത്താണ് സരളമ്മയുടെ ജനനം. എ.കെ. ഗോപാലൻ, എം.എൻ. ഗോവിന്ദൻ നായർ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ഈ കുടുംബത്തിലെ സന്ദർശകരായിരുന്നു. പൊതു പ്രവർത്തകനായ പിതാവിന്റെ പ്രവർത്തനങ്ങളെ ചെറുപ്പത്തിൽ തന്നെ നിരീക്ഷിക്കാനും മനസിലാക്കാനും സരളമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പിൽക്കാലത്ത് തന്റെ ഭർത്താവും മകനും പൊതുരംഗത്ത് സജീവമായപ്പോഴും അവർക്ക് വേണ്ട പ്രചോദനം നൽകുന്നതിന് സരളമ്മയ്ക്ക് കഴിഞ്ഞതും പിതാവിൽ നിന്നുള്ള ബാലപാഠങ്ങളിലൂടെയായിരുന്നു.