കൊല്ലം: ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ വൈകിട്ട് നാല് മണിക്ക് ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും.
രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ ഉൽപാദന മേഖലകളിൽ പരമാവധി പൊതുനിക്ഷേപം വർദ്ധിപ്പിക്കുക, തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുതിയ തൊഴിൽ കിട്ടുന്നതുവരെ സമാശ്വാസം നൽകുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശിക അടിയന്തരമായി അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതിതള്ളുക, വാർദ്ധക്യകാല പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
കൊല്ലത്ത് കെ. പ്രകാശ് ബാബു, കുണ്ടറയിൽ എസ്.സുദേവൻ, ഇരവിപുരത്ത് പി. രാജേന്ദ്രൻ, ചാത്തന്നൂരിൽ എൻ. അനിരുദ്ധൻ, കൊട്ടാരക്കരയിൽ എൻ.എസ്. പ്രസന്നകുമാർ, കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രൻ, ചവറയിൽ എസ്. ജയമോഹൻ, ചടയമംഗലത്ത് കെ.ആർ. ചന്ദ്രമോഹനൻ, പത്തനാപുരത്ത് ആർ. ലതാദേവി, കുന്നത്തൂരിൽ മോഹൻലാൽ, പുനലൂരിൽ പി.ആർ. വസന്തൻ എന്നിവർ ഉദ്ഘാടനം ചെയ്യും. ധർണ വിജയിപ്പിക്കണമെന്ന് ജില്ലാകൺവീനർ എൻ. അനിരുദ്ധൻ അഭ്യർത്ഥിച്ചു.