കൊല്ലം: നാലുവർഷത്തിനകം കുടുംബശ്രീ സംരഭകത്വ യൂണിറ്റുകളുടെ എണ്ണം 10,000 ആയി ഉയർത്താൻ ശ്രമിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ. സോപാനം ഓഡിറ്റോറിയത്തിൽ നടന്ന കുടുംബശ്രീ ജില്ലാ വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമ്പത്തിക ഭദ്രത നേടുന്നതിലൂടെ മാത്രമേ സ്ത്രീശാക്തീകരണം സാദ്ധ്യമാവൂ. ഫാഷൻ ടെക്നോളജി ഉൾപ്പെടെ തൊഴിൽ സംരഭങ്ങളുടെ സാദ്ധ്യതകൾ അനവധിയാണ്. കുടുംബശ്രീ അംഗങ്ങൾക്ക് സാങ്കേതികമായ പരിജ്ഞാനം നൽകാൻ നിരവിധി സ്ഥാപനങ്ങളും ഇന്ന് ജില്ലയിൽ ഉണ്ട്.
കുളക്കടയിൽ ആരംഭിച്ച സ്കിൽ പാർക്ക് പോലുള്ള സ്ഥാപനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. കുത്തക കമ്പനികൾ നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കുകയും കൊള്ളലാഭം കൊയ്യുകയും ചെയ്യുന്നു. എന്നാൽ ഇതിന്റെ കച്ചവട സാദ്ധ്യത മുന്നിൽ കണ്ട് കുടുംബശ്രീ സംരംഭങ്ങൾ നേട്ടം കൊയ്യാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ നർത്തകി രാജശ്രീ വാര്യരെ മന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി. സന്തോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷൈല സലിംലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അജോയ് ചന്ദ്രൻ, കൗൺസിലർ റീന സെബാസ്റ്റ്യൻ, പി.ആർ. ദീപ്തി, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എ.ജി. സന്തോഷ്, എസ്. സബൂറാ ബീവി, വി.ആർ. അജു തുടങ്ങിയവർ സംസാരിച്ചു.