photo
രാജു എന്ന ഇല രാജു(38)

പാരിപ്പള്ളി: മദ്യലഹരിയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിക്കുന്ന യുവാവിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്ന് മകൻ പൊലീസ് പിടിയിലായി. കുളമട സ്വദേശി രാജു (38) എന്ന 'ഇല രാജു'വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഭർത്താവ് നേരത്തെ മരിച്ച വൃദ്ധമാതാവിന് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഉള്ളത്. ഇളയ മകനായ രാജുവിനൊപ്പം ഷീറ്റ് മേഞ്ഞ കുടിലിലാണ് ഇവർ താമസിച്ചിരുന്നത്. മദ്യലഹരിയിൽ ഇയാൾ സ്ഥിരമായി മാതാവിനെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെതുടർന്ന് നിരവധി തവണ പൊലീസ് ഇടപെട്ടെങ്കിലും ഇയാൾ ഉപദ്രവം തുടരുകയായിരുന്നുവെന്ന് വാർഡ് അംഗം സുഭദ്രാമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഇയാൾ മാതാവിനെ മർദ്ദിച്ച് അവശയാക്കി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിക്കുന്ന ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് വാർഡ്മെമ്പർ സുഭദ്രാമ്മയുടെ നേതൃത്വത്തിൽ നാട്ടുകാരും ക്ലബ് ഭാരവാഹികളും കുടുംബശ്രീ പ്രവർത്തകരും സംഘടിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പാരിപ്പള്ളി സി.ഐ രാജേഷ് കുമാർ, എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി മാതാവിനെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. പിന്നീട് മകളെ വിളിച്ചുവരുത്തി മാതാവിനെ അവരോടൊപ്പം അയച്ചു. പൊളിഞ്ഞ് വീഴാറായ വീട്ടിനുള്ളിൽ മകന്റെ ശ്രദ്ധയിൽപ്പെടാതെ പേപ്പറിലും കവറിലുമായി മാതാവ് പൊതിഞ്ഞുസൂക്ഷിച്ചിരുന്ന പെൻഷൻ തുകയായ എൺപതിനായിരം രൂപയും നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറി. സംഭവം അറിഞ്ഞ് വനിതാകമ്മിഷൻ, സാമൂഹ്യ സേവന വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.