ഓച്ചിറ: ഓണാട്ടുകരയുടെ കാർഷിക സമൃദ്ധിയുടെ അടയാളങ്ങളാണ് ഇരുപത്തിയെട്ടാം ഓണനാളിൽ ആയിരക്കണക്കിന് ചുമലുകളിലേറി ഓച്ചിറ പരബ്രഹ്മ സന്നിധിയിലേക്ക് ഒഴുകിയെത്തുന്ന കൂറ്റൻ കെട്ടുകാഴ്‌ചകൾ. രണ്ട് ദിനങ്ങൾക്കപ്പുറം പതിനായിരങ്ങളുടെ ആഹ്ലാദാരവങ്ങളുടെ നിറവിൽ നൂറുകണക്കിന് കൂറ്റൻ കെട്ടുകാളകൾ ഓച്ചിറ പടനിലത്തേക്ക് തിരിക്കും.
ഭക്തിയും മെയ്‌ക്കരുത്തും ജൈവതാളങ്ങളും സമ്മേളിക്കുന്ന ഹൃദയഹാരിയായ കാഴ്‌ചകളാണ് ഓച്ചിറയിലെ 28-ാം ഓണ ഉത്സവത്തെ വ്യത്യസ്‌തമാക്കുന്നത്. ഓച്ചിറ ക്ഷേത്രത്തിന്റെ 52 കരകൾ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി വ്യാപിച്ച് കിടക്കുകയാണ്. കരകളിൽ നിന്ന് ഇരുന്നൂറിലേറെ കെട്ടുകാളകാളകളാണ് ഇത്തവണ പരബ്രഹ്മ സന്നിധിയെ ധന്യമാക്കാൻ എത്തുന്നത്. കരകളിൽ നിന്ന് വനിതാ കൂട്ടായ്‌മകൾ എത്തുമെന്നതും ശ്രദ്ധേയമാണ്. ഓണാട്ടുകരയിലെ ഓരോ ചെറുഗ്രാമങ്ങളുടെയും ദിവസങ്ങൾ നീളുന്ന കൂട്ടായ്‌മയുടെ ഫലശ്രുതിയാണ് കെട്ടുകാളകൾ. കാളകെട്ട് തുടങ്ങിയാൽ ഗ്രാമീണ ജനതയുടെ ഇരവുപകലുകൾ തുടങ്ങുന്നതും അവസാനിക്കുന്നതും കാളമൂട്ടിലാണ്. കൈവെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞ് കാളകൾ മുതൽ ആകാശത്തോളം തലയെടുപ്പുള്ള കൂറ്റൻ കാളകൾ വരെ ഇക്കൂട്ടത്തിലുണ്ട്.
തലപ്പൊക്കവുമായി വിശ്വപ്രജാപതി കാലഭൈരവനും
തലപ്പൊക്കത്തിൽ ഇത്തവണ ശ്രദ്ധ നേടുക ഞക്കനാൽ പടിഞ്ഞാറ് കരയുടെ കെട്ടുകാള വിശ്വപ്രജാപതി കാലഭൈരവനാണ്. 65 അടി ഉയരമുള്ള കാളയുടെ ശിരസിന് 17 അടി പൊക്കമുണ്ട്. നാല് പാലമരങ്ങളുടെ തടികൾ കൂട്ടിയോജിപ്പിച്ചാണ് കാളയുടെ കൂറ്റൻ ശിരസ് തയ്യാറാക്കിയത്. വീര പാണ്ഡവ ശൈലിയിലാണ് നിർമ്മാണം. ത്രിനാഗങ്ങളാണ് കൊമ്പിൽ പ്രതിഷ്‌ഠ. ആറര ടൺ വൈക്കോൽ ഉപയോഗിച്ചാണ് കാലഭൈരവനെ കെട്ടിയൊരുക്കിയത്. കുടമണികൾ മാത്രം മൂന്ന് ടണ്ണിലേറെയുണ്ട്. ചുവപ്പും വെളുപ്പും നിറത്തിലുള്ള 450 മീറ്റർ തുണി ഉപയോഗിച്ചാണ് കാലഭൈരവനെ പൊതിയുന്നത്.
ഉയരം: 65 അടി
ശിരസ്: 17 അടി
6.5 ടൺ വൈക്കോൽ
3ടണ്ണിലേറെ കുടമണികൾ
എത്തിക്കാനായി: 2 ക്രെയിൻ
ശ്രദ്ധേയമായി ഓണാട്ടു കതിരവൻ
കൃഷ്‌ണപുരം മാമ്പ്രക്കന്നേൽ യുവജന സമിതിയുടെ ഓണാട്ടുകതിരവനും ഉയരത്തിൽ ശ്രദ്ധേയനാണ്. 57 അടി ഉയരമുള്ള ഓണാട്ടുകതിരവന്റെ ശിരസ് 14.5 അടിയാണ്. ആറ് ടൺ വൈക്കോലും രണ്ടര ടൺ കുടമണികളും ഉപയോഗിച്ചാണ് ഓണാട്ടുകതിരവനെ അണിയിച്ചൊരുക്കിയത്. ഊറാവ് തടിയിലാണ് ശിരസ് നിർമ്മിച്ചത്. വടക്കൻ പാട്ടിലെ കതിരവന്റെ ഭാവമാണ് ഓണാട്ടുകതിരവന്. കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് കെട്ടിവലിച്ചാണ് കെട്ടുകാളകളെ ഓച്ചിറ പടനിലത്ത് എത്തിക്കുന്നത്. ഓണാട്ടുകതിരവനെയും കാലഭൈരവനെയും പടനിലത്ത് എത്തിക്കാൻ രണ്ട് ക്രെയിനുകൾ വീതമാണ് ഉപയോഗിക്കുക.
ഉയരം: 57 അടി
ശിരസ്: 14.5 അടി
6 ടൺ വൈക്കോൽ
2.5 ടൺ കുടമണി
എത്തിക്കാനായി: 2 ക്രെയിൻ
കാളമൂട്ടിലെ രാപകൽ ഭേദമില്ലാത്ത ഉത്സവങ്ങൾ
കെട്ടുകാളകളെ അണിയിച്ചൊരുക്കുന്ന കേന്ദ്രങ്ങളിൽ (കാളമൂടുകൾ) നിന്നാണ് ഓരോ ഗ്രാമങ്ങളുടെയും ഉത്സവം തുടങ്ങുന്നത്. വൈക്കോൽ ഉപയോഗിച്ച് കാളകളെ കെട്ടിയൊരുക്കുന്നത് മുതൽ ആടയാഭരണങ്ങൾ ചാർത്തി അണിയിച്ചൊരുക്കുന്നത് വരെ ഇവിടെ ഉത്സവമേളമാണ്. വലിയ കാളകളുടെ ശിരസ് ക്രെയിന്റെ സഹായത്തോടെ കാളയുടെ കഴുത്തിൽ ഉറപ്പിക്കും. ഓരോ ദിവസത്തെയും കാഴ്‌ചകൾ കാണാൻ ഉത്സവ പ്രേമികൾ മുടങ്ങാതെ എത്തും. വൈകുന്നേരങ്ങളിൽ സാംസ്കാരിക സമ്മേളനങ്ങൾ, കൂട്ടായ്മകൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും. 7നും 8നും കാളമൂട്ടിൽ നിറപറ സമർപ്പണം നടത്തും. 8ന് 6ന് പരബ്രഹ്മ സന്നിധിയിൽ കരക്കാർ പൂജ നടത്തും. അവിടെ നിന്ന് പൂജിച്ച് വാങ്ങുന്ന കൂവള മാലകൾ അണിയിച്ചാണ് കാളകളെ എഴുന്നള്ളിക്കുന്നത്. പ്രധാന ദിവസങ്ങളിലെല്ലാം ഇവിടെ അന്നദാനവും ഉണ്ടാകും.
ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി, ഇനി കാത്തിരിപ്പ്
ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതിയുടെയും കരകളുടെയും നേതൃത്വത്തിൽ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി കെട്ടുകാളകളുടെ വരവിനായുള്ള കാത്തിരിപ്പാണ്. വിപുലങ്ങളായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായും ഓച്ചിറ ക്ഷേത്ര ഭരണസമിതി സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ.എ. ശ്രീധരൻപിള്ള എന്നിവർ അറിയിച്ചു.
കെട്ടുകാളകൾക്ക് വരാനായി വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റും
നടപടി കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, കൃഷ്‌ണപുരം മേഖലകളിൽ
പടനിലത്ത് രാത്രിയിലും പകലും വെളിച്ചമെത്തിക്കും
കാഴ്ചക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കും
കെട്ടുകാളകളെല്ലാം വൈകിട്ട് 6ന് മുമ്പ് പടനിലത്ത് പ്രവേശിക്കണം
എല്ലാ ഭാഗങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കും
പൊലീസിനെ സഹായിക്കാൻ വീഡിയോഗ്രാഫർമാരും
പൊലീസിന്റെയും ഫയർഫോഴ്സിന്റെയും വൻ സന്നാഹം