പുനലൂർ: മഴ മാറിയിട്ടും തകർന്ന കൊല്ലം - തിരുമംഗലം ദേശീയ പാതയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ദേശീയ പാതയിലെ കൊട്ടാരക്കര മുതൽ പുനലൂർ വരെയുള്ള ഭാഗത്തെ ടാറിംഗ് ഇളകി മാറിയിരിക്കുകയാണ്. പുനലൂരിൽ നിന്ന് കോട്ടവാസൽ വരെയുള്ള റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടിട്ട് ആറ് മാസം പിന്നിടുന്നു. കനത്ത മഴയിൽ രൂപപ്പെട്ട കുഴികൾ അടച്ച് റീ ടാറിംഗ് നടത്താതിരുന്നത് മൂലമാണ് റോഡ് ഗതാഗത യോഗ്യമല്ലാതായത്. ഉദ്യോഗസ്ഥർ കുഴികളിൽ പേരിന് വേണ്ടി ടാർ ഒട്ടിച്ച് നികത്തിയെന്ന് വരുത്തിത്തീർത്ത് തടിതപ്പുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുഴികൾ വേണ്ട വിധത്തിൽ അടച്ച് അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ തയ്യാറാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ദേശീയ പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് മൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഇളമ്പൽ, സ്വാഗതം മുക്ക്, ആരംപുന്ന എന്നീ സ്ഥലങ്ങളിലെ റോഡിലെ ടാറിംഗ് ഇളകി മാറിയതോടെ ഇരുചക്ര വാഹ യാത്രക്കാർ അടക്കമുള്ളവർ വലയുകയാണ്. റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ച് ഗതാഗത യോഗ്യമാക്കി മാറ്റാൻ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധ ചെലുത്തണം
എൻ. സോമസുന്ദരം, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 2197-ാം നമ്പർ ഇളമ്പൽ ശാഖ
കനത്ത മഴയെ തുടർന്ന് തകർന്ന ദേശീയ പാത നവീകരിച്ച് മോടി പിടിപ്പിക്കണം. റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടതാണ് അപകടങ്ങളുടെ മുഖ്യ കാരണം. ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള പാത റീ ടാറിംഗ് നടത്തി മോടി പിടിപ്പിക്കാൻ പണം അനുവദിച്ചത് പോലെ പുനലൂരിൽ നിന്ന് കൊട്ടാരക്കര ഭാഗത്തേക്കുള്ള റോഡ് നവീകരിക്കാൻ കൂടി തുക അനുവദിക്കണം
എൻ.വി. ബിനുരാജ്, സെക്രട്ടറി, ഇളമ്പൽ ശാഖ
42 കോടി രൂപ
പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ദേശീയ പാത റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കി മാറ്റാൻ 42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അടുത്ത ജനുവരിയോടെ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. അത് വരെ പൊട്ടിപ്പൊളിഞ്ഞ റോഡു വഴി വാഹനങ്ങൾ ഓടിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. റോഡിന്റെ ശോച്യാവസ്ഥ വാഹന - കാൽനട യാത്രികരെ വലയ്ക്കുകയാണ്.
ഈ സ്ഥലങ്ങളിലൂടെ ദുരിതയാത്ര
ദേശീയ പാതയിലെ പച്ചിലവളവ്, വിളക്കുടി, ഇളമ്പൽ, സ്വാഗതം ജംഗ്ഷൻ, ബിഷപ്പ് ഹൗസ് ജംഗ്ഷൻ, ആരംപുന്ന, ചെമ്മന്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ ടാറിംഗ് ആണ് ഇഴകി മാറിയത്. ഇത് കൂടാതെ വാളക്കോട് ക്രിസ്തീയ ദേവലയത്തിന് സമീപം, വാളക്കോട് വലിയ വളവ്, കലയനാട്, കലയനാട് വലിയ വളവ്, താമരപ്പള്ളി ജംഗ്ഷൻ, ക്ഷേത്രഗിരി, വെള്ളിമല, ഇടമൺകുന്നുംപുറം, ഉറുകുന്ന് കോളനി ജംഗ്ഷൻ, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് തുടങ്ങിയ ഭാഗങ്ങളിലാണ് റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പ്രദേശവാസികൾ തന്നെയാണ് കുഴികൾ അടച്ച് അപകടങ്ങൾ ഒഴിവാക്കുന്നത്.