കൊല്ലം: വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിൻമുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസിൽ ഡൽഹി സ്വദേശി സത്യദേവിനെ കൊല്ലം റൂറൽ പൊലീസ് സംഘം അറസ്റ്റ് ചെയ്‌തു. യു.പി -ഡൽഹി അതിർത്തി ഗ്രാമത്തിൽ നിന്ന് എഴുകോൺ എസ്.ഐ ബാബുകുറുപ്പിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാവിലെ റൂറൽ പൊലീസിലെ രണ്ടുപേർ കൂടി ഡൽഹിക്ക് തിരിച്ചു. മറ്റ് പ്രതികളെക്കുറിച്ച് അന്വേഷിക്കാൻ കൊല്ലം സിറ്റിയിൽ നിന്നുള്ള പൊലീസ് സംഘവും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകം, കവർച്ച ഉൾപ്പെടെ 70 ലേറെ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സത്യദേവ്. പ്രതിയെ കനത്ത സുരക്ഷയിൽ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മോഷണ സമയത്ത് ഉപയോഗിച്ചിരുന്ന തോക്കും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 12.30 വരെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് സത്യദേവുൾപ്പെട്ട സംഘം മോഷണം നടത്തിയത്.
സംഭവം ഇങ്ങനെ......
ഛത്തീസ്ഗഢ് രജിസ്ട്രേഷനുള്ള കാറിൽ നാലംഗസംഘം ശനിയാഴ്ച കൊല്ലത്തെത്തി
തുടർന്ന് കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു
രണ്ടുപേർ നഗരത്തിലൂടെ ബൈക്കിൽ ചുറ്റി നടന്ന് മാല പൊട്ടിച്ചു
രണ്ടുപേർ കാറിൽ പിന്നാലെ സഞ്ചരിച്ചു
പൊലീസ് പിന്തുടർന്നപ്പോൾ ബൈക്ക് കൊല്ലം കടപ്പാക്കടയിൽ ഉപേക്ഷിച്ചു
തുടർന്ന് പിന്നാലെ എത്തിയ കാറിൽ കയറി ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി രക്ഷപ്പെട്ടു
നാലുപേരും മാറി മാറി കാർ ഓടിച്ചാണ് യു.പി- ഡൽഹി അതിർത്തിയിലെ സ്വന്തം സ്ഥലങ്ങളിലെത്തി
ഒരാഴ്ചയ്ക്കം പ്രധാന പ്രതി റൂറൽ പൊലീസിന്റെ പിടിയിൽ
ആധാർ വിലാസം ഡൽഹിയിൽ, ബീഹാറിലും യു,പിയിലും വീടുകൾ
അറസ്റ്റിലായ സത്യദേവിന്റെ ആധാർ കാർഡിലെ മേൽവിലാസം ഡൽഹിയിലാണെങ്കിലും ബീഹാറിലും ഉത്തർപ്രദേശിലും വീടുകളുണ്ട്. മോഷണത്തിന് ഏത് മാർഗ്ഗവും ഉപയോഗിക്കുകയാണ് ഇവരുടെ സംഘത്തിന്റെയും രീതി. രാജ്യത്തിന്റെ ഏത് മേഖലയിൽ പോയും മോഷണം നടത്തും. എതിർക്കുന്നവരെ മാരകമായി പരിക്കേൽപ്പിക്കും. വേണ്ടിവന്നാൽ കൊല്ലും.
ബൈക്കിൽ കറങ്ങി മാല പൊട്ടിച്ചവരും കാറിൽ പിന്തുടർന്നവരിൽ ഒരാളുമാണ് ഇനി പിടിയിലാകാനുള്ളത്. രക്ഷപ്പെടാൻ ഉപയോഗിച്ച കാറും അത് സഞ്ചരിച്ച വഴിയും തിരിച്ചറിഞ്ഞതാണ് നിർണ്ണായകമായത്. അതിന് പിന്നാലെ മോഷണ സമയത്ത് കൊല്ലത്ത് സജീവമായിരുന്ന ഉത്തരേന്ത്യൻ മൊബൈൽ നമ്പരുകളും തിരിച്ചറിയാൻ പൊലീസിനായി.