gandhi-bhavan
മക്കളുപേക്ഷിച്ച വയോധികയ്ക്ക് ഗാന്ധിഭവൻ അഭയം നൽകിയപ്പോൾ

പത്തനാപുരം. മക്കളുപേക്ഷിച്ച വയോധികയ്ക്ക് ഗാന്ധിഭവൻ അഭയമേകി. ആലപ്പാട് അഴീക്കൽ സമിതി ജംഗ്ഷനിൽ പുത്തൻപുര വീട്ടിൽ ഇന്ദിരയെയാണ് (63) ഗാന്ധിഭവൻ ഏറ്റെടുത്തത്. ഭർത്താവും 2 മക്കളുമൊത്ത് കുടുംബജീവിതം നയിച്ചു വരുകയായിരുന്നു ഇന്ദിര. വിവാഹിതനായ മകനു വിദേശത്താണ് ജോലി. മകളും വിവാഹിതയാണ്. 8 വർഷം മുൻപ് ഭർത്താവിന്റെ ആകസ്മിക മരണത്തോടെയാണ് ഇവരുടെ ജീവിതം താളം തെറ്റിയത്. വിദേശത്ത് ജോലിയുള്ള മകൻ അവധി കഴിഞ്ഞു മടങ്ങിപ്പോകുന്നതോടെ ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്കു പോവുകയായിരുന്നു പതിവ്. ആരും നോക്കാനില്ലാതായതോടെ അമ്മയുടെ സംരക്ഷണം മകൾ ഏറ്റെടുത്തു. ഇതിനിടെ ഇന്ദിരയുടെ ശരീരത്തിന്റെ ഒരു വശം തളർന്നു. അമ്മയുടെ ചികിത്സയും പരിചരണവും സ്വന്തം ജീവിതത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും മൂലം ജീവിതം വഴി മുട്ടുന്ന ഘട്ടമായപ്പോൾ മകളും ബുദ്ധിമുട്ടിലായി. ആരും തുണയില്ലാതെ വീടിനുള്ളിൽ ഒറ്റപ്പെട്ടുപോയ ഇന്ദിര നടക്കാൻ കഴിയാത്തതിനാൽ വീടിനുള്ളിൽ ഇഴഞ്ഞുനടന്നാണ് പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിച്ചത്. ഇവരുടെ ദയനീയാവസ്ഥ കുടുംബശ്രീ സി.ഡി.എസ് അംഗം വിജിമോളും സാമൂഹ്യ പ്രവർത്തകൻ ചന്ദ്രനും വാർഡ് മെമ്പർ സലീനയെ അറിയിച്ചു. അവരാണ് സാമൂഹ്യനീതി വകുപ്പിൽ വിവരം അറിയിച്ചത്. തുടർന്ന് സാമൂഹ്യനീതി ഓഫീസർ സുധീർ കുമാറിന്റെ നിർദ്ദേശപ്രകാരം ഇന്ദിരയെ വിജിമോളും ചന്ദ്രനും കൂടി ഗാന്ധിഭവനിലേക്ക് എത്തിക്കുകയായിരുന്നു.