കൊല്ലം: ജില്ലയുടെ വിനോദ സഞ്ചാര സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന മാസ്റ്റർ പ്ലാൻ രൂപീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ. മാസ്റ്റർപ്ളാൻ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബി ഫണ്ട് വിനിയോഗിച്ചാകും അഷ്ടമുടി തീരം കേന്ദ്രീകരിച്ച് മറ്റു മേഖലകളേയും കൂട്ടിയോജിപ്പിച്ചുള്ള പദ്ധതി. അഷ്ടമുടിക്കായലിന്റെ ചുറ്റുമുള്ള 11 പഞ്ചായത്തുകളും കോർപ്പറേഷൻ മേഖലയും ഉൾക്കൊള്ളുന്ന തീരത്ത് സൈക്കിൾ ട്രാക്ക് നിർമിക്കും. കയ്യേറ്റം തടയുന്നതിനാണിത്.
ട്രാക്കിനോട് ചേർന്ന് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി കണ്ടൽ വച്ചു പിടിപ്പിക്കും. എക്കോ ടൂറിസം സാദ്ധ്യതകൾ മുൻനിറുത്തി തെന്മല, മലയോര സഞ്ചാര വികസനത്തിനായി ജടായുപാറ, കടൽത്തീരങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം സൗകര്യങ്ങൾ ഏർപ്പെടുത്തും. എല്ലാ മേഖലകളുടേയും വിവര ശേഖരണത്തിനായി 20 പേരടങ്ങുന്ന പ്രത്യേക സർവേ സംഘത്തെ നിയോഗിക്കും. ആവശ്യമെങ്കിൽ വിരമിച്ചവരുടെ സേവനവും വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ. ഷെയ്ക്ക് പരീത്, കയർഫെഡ് ഡയറക്ടർ എസ്.എൽ. സജികുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി. ഗിരീഷ് കുമാർ, സർവെ ഡെപ്യൂട്ടി ഡയറക്ടർ സി. രാജൻ, ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രിയുടെ മറ്റ് നിർദ്ദേശങ്ങൾ....
ഒരു മാസത്തിനുള്ളിൽ സർവെ നടപടികൾ പൂർത്തിയാക്കണം
പഞ്ചായത്ത് കമ്മിറ്റികളും ജനപ്രതിനിധികളും ഇത് സുഗമമാക്കുന്നതിനുള്ള പിന്തുണ നൽകണം
മൺട്രോതുരുത്തിനേയും കുതിരമുനമ്പിനേയും ബന്ധപ്പിക്കുന്നതിനുള്ള സംവിധാനവും പരിഗണനയിൽ
ശാസ്താകോട്ട തടാകത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ വിവിധ സംഘടനകളുടെ യോഗം വിളിക്കും
കൊല്ലം തോടിന്റ വികസന പുരോഗതിയും വിലയിരുത്തണം
കായൽതീര കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി വേണം
പരിസ്ഥിതി സൗഹൃദ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി പ്രത്യേക യോഗം ചേരണം
ഡിസംബറിൽ കിഫ്ബിക്ക് പദ്ധതി സമർപ്പിക്കാൻ കഴിയും വിധം പ്ലാൻ സമർപ്പക്കണം