ശാസ്താംകോട്ട: മൈനാഗപ്പള്ളി വെട്ടിക്കാട്ട് ഏലായിലെ 200 ഏക്കർ കൃഷി സ്ഥലത്ത് 3-ാം നെൽക്കൃഷി കൊയ്ത്ത് ഉത്സവം നടന്നു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ അഡ്വ. ടി. മോഹൻ ഉദ്ഘാടനം ചെയ്തു. തരിശ് രഹിത മൈനാഗപ്പള്ളി പദ്ധതിയുടെ ഭാഗമായാണ് നെൽക്കൃഷി ആരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളും മഴയും ഭീഷണി ഉയർത്തിയെങ്കിലും നെൽക്കൃഷിയുടെ വിജയകരമായ മൂന്നാമത് വിളവെടുപ്പ് നടത്തിയ സന്തോഷത്തിലാണ് കർഷകർ. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും പിന്തുണയോടെ മുരളി തോമസ് എന്ന കർഷകനാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ഗ്രാമ പഞ്ചായത്തംഗം ശിവൻപിള്ള ,കൃഷി ഓഫീസർ സ്മിത, കൃഷി അസിസ്റ്റന്റ് പ്രദീപ്, സ്റ്റാസ്റ്റിക്സ് അഡിഷണൽ ജില്ലാ ഓഫീസർ സന്തോഷ് , ഇൻവെസ്റ്റിഗേറ്റർ ജോർജ് , ഹരിത മിഷൻ കോ-ഓഡിനേറ്റർ രേഷ്മ, പാടശേഖര സമിതി പ്രസിഡന്റ് ശങ്കരനാരായണപിള്ള, ഷിബു കെ.സി, തൊഴിലുറപ്പ് മേറ്റുമാരായ ഷീജാ റഹിം, ബിജി, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.