കൊല്ലം: കൊല്ലം എസ്.എൻ കോളേജിനെയും ഗുരുദേവ ദർശനങ്ങളെയും നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐയുടെ ഗൂഢനീക്കം ഇനി വിലപോകില്ലെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ അടിയന്തര കൗൺസിൽ യോഗം മുന്നറിയിപ്പ് നൽകി.
കോളേജ് യൂണിയൻ ഭാരവാഹികൾ സത്യവാചകം തിരുത്തി രക്തസാക്ഷിയുടെ പേരിൽ പ്രതിജ്ഞയെടുത്തത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. എസ്.എഫ്.ഐയുടെ വിദ്യാലയമല്ല എസ്.എൻ കോളേജ്. കർമ്മധീരനായ ആർ. ശങ്കറും ശ്രീനാരായണ ട്രസ്റ്റും ത്യാഗങ്ങളിലൂടെ നേടിയതാണ്. കോളേജിനെ എസ്.എഫ്.ഐയുടെ സ്വത്തായി ചിത്രീകരിക്കാനും പാർട്ടിയുടെ താന്തോന്നിത്തരം കാണിക്കാനുമുള്ളതല്ല. കോളേജ് അങ്കണം വിദ്യാർത്ഥികൾക്ക് ശാന്തമായി പഠിക്കാനുള്ളതാണ്. പഠിപ്പ് മുടക്കിയും കലഹങ്ങൾ ഉണ്ടാക്കിയും കോളേജ് തകർത്തും എസ്.എൻ കോളേജിനെ നിരന്തരം ദ്രോഹിക്കുന്ന എസ്.എഫ്.ഐയുടെ കാടത്ത പ്രവർത്തനങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇനിയുമിത് വച്ചുപൊറുപ്പിക്കാനാവില്ല. പാർട്ടിക്ക് അഴിഞ്ഞാടാനുള്ളതല്ല എസ്.എൻ കോളേജെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഗുരുദേവന്റെ നാമധേയത്തിലുള്ള കോളേജിനെ രക്തസാക്ഷിയുടെ പേരിലുള്ള കോളേജാക്കി മാറ്റാൻ എസ്.എഫ്.ഐ നടത്തുന്ന തന്ത്രങ്ങൾക്ക് ഒടുവിലത്തെ ഉദാഹരണമാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രിൻസിപ്പൽ ചൊല്ലിക്കൊടുത്ത ദൃഢപ്രതിജ്ഞയുടെ അവസാനഭാഗത്ത് രക്തസാക്ഷിയുടെ പേര് തിരുകികയറ്റി കോളേജ് യൂണിയൻ ഭാരവാഹികൾ പ്രതിജ്ഞയെടുത്തതെന്ന് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു.
എസ്.എൻ കോളേജിനെ തകർക്കാനുള്ള നീക്കം ചെറുക്കും: കുണ്ടറ യൂണിയൻ
കൊല്ലം: എസ്.എൻ കോളേജ് തകർക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് കുണ്ടറ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പോഷകസംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. രക്തസാക്ഷിയുടെ പേരിൽ കോളേജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്യുന്നത് കോളേജുകളുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്.
എസ്.എഫ്.ഐക്ക് പല കോളേജുകളിലും രക്തസാക്ഷികൾ ഉണ്ടെങ്കിലും അവരുടെ പേരിൽ നാളിതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ശ്രീനാരായണഗുരുദേവന്റെ നാമധേയത്തിലുള്ള കോളേജിനെ രക്തസാക്ഷിയുടെ പേരിലുള്ള കോളേജാക്കി മാറ്റാനുള്ള ആസൂത്രിതമായ പ്രവർത്തനമാണ് ഇതിന് പിന്നിൽ. മറ്റൊരു കലാലയത്തിലും നടക്കാത്ത തരത്തിലുള്ള ധാർഷ്ട്യത്തോടുകൂടിയുള്ള പ്രവർത്തനമാണ് എസ്.എഫ്.ഐ നടത്തുന്നത്. കോളേജിന്റെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള എസ്.എഫ്.ഐയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള സംഘടനാ ശേഷി ശ്രീനാരായണപ്രസ്ഥാനങ്ങൾക്കുണ്ടെന്നും യോഗം മുന്നറിയിപ്പ് നൽകി.
യൂണിയൻ അഡ്മിനിസ്ട്രേറ്റർ ബി.ബി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. കാവേരി രാമചന്ദ്രൻ, യൂത്ത്മൂവ്മെന്റ് ചെയർമാൻ എം.ആർ. ഷാജി, കൺവീനർ അഡ്വ. നീരാവിൽ അനിൽകുമാർ, വനിതാസംഘം പ്രസിഡന്റ് ലീനാറാണി സെക്രട്ടറി ശ്യാമള ഭാസി, സൈബർ സേനാ ചെയർമാൻ അഖിൽ, കൺവീനർ എൽ. അനിൽകുമാർ, കുമാരിസംഘം പ്രസിഡന്റ് കുമാരി ലാവണ്യ, സെക്രട്ടറി അതുല്യ എന്നിവർ സംസാരിച്ചു.
കൊല്ലം എസ്.എൻ കോളേജിലെ സംഭവം:
കരുനാഗപ്പള്ളി യൂണിയന്റെ പ്രതിഷേധം
കരുനാഗപ്പള്ളി: ആർ. ശങ്കറുടെ നിർദ്ദേശാനുസരണം ശ്രീനാരായണ സമൂഹം പടുത്തുയത്തിയ കൊല്ലം എസ്.എൻ കോളേജിനെ രക്തസാക്ഷികളുടെ സ്മാരമാക്കാനുള്ള എസ്.എഫ്.ഐയുടെ നീക്കത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. എസ്.എഫ്.ഐയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ തെറ്റ് തിരിച്ചറിയണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ നാമേധയത്തിലുള്ള കോളേജിനെ സംരക്ഷിക്കാനുള്ള കരുത്ത് എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനുമുണ്ട്. കോളേജിനെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ പൊതു സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാൻ യൂണിയനുകൾ തയ്യാറാകും. വിദ്യാർത്ഥി സംഘടനകൾ കോളേജിന്റെ നിയമാവലിക്ക് വിധേയമായി പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, കൗൺസിൽ അംഗങ്ങളായ എല്ലയ്യത്ത് ചന്ദ്രൻ, എം. ചന്ദ്രൻ, കളരിയ്ക്കൽ സലിംകുമാർ, ബി. കമലൻ, കള്ളേത്ത് ഗോപി, കുന്നേൽ രാജേന്ദ്രൻ, ക്ലാപ്പന ഷിബു എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പലിന്റെ നടപടിക്ക് ചാത്തന്നൂർ യൂണിയന്റെ പൂർണ പിന്തുണ
ചാത്തന്നൂർ: കൊല്ലം ശ്രീനാരായണ കോളേജിൽ യൂണിയൻ ഭാരവാഹികളായി തിരെഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ വാചകം തിരുത്തി പ്രതിജ്ഞയെടുത്തിനെതിരെ ധീരമായ നടപടികൾ സ്വീകരിച്ച പ്രിൻസിപ്പലിനും സ്റ്റാഫ് കൗൺസിലിനും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പൂർണപിന്തുണ പ്രഖ്യാപിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ നാമദേയത്തിൽ കേരളത്തിലുള്ള ഏറ്റവും പ്രധാന കലാലയമായ കൊല്ലം എസ്.എൻ കോളേജിനെ തകർക്കാനുള്ള നീക്കം കഴിഞ്ഞ കുറേ നാളുകളായി എസ്.എഫ്.ഐ നടത്തുന്നുണ്ട്. ഇതിനെതിരെ വൻ ജനകീയ പ്രക്ഷോഭം ഉണ്ടായപ്പോൾ പിൻവാങ്ങിയവർ വീണ്ടും കോളേജിന്റെ സൽപ്പേര് കളങ്കപെടുത്താൻ ശ്രമിക്കുന്നു. സർവകലാശാല നിയമങ്ങൾക്ക് വിരുദ്ധമായി സത്യവാചകം തിരുത്തി രക്തസാക്ഷിയുടെ പേരിഷ സത്യപ്രതിജ്ഞ ചെയ്യാൻ ശ്രമിച്ചതിനെ പ്രതിരോധിച്ച പ്രിൻസിപ്പലിന്റെയും സ്റ്റാഫ് കൗൺസിലിന്റെയും തീരുമാനം അഭിനന്ദനാർഹമാണെന്നും കൗൺസിൽ യോഗം വിലയിരുത്തി.
യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി കെ. വിജയകുമാർ, വൈസ് പ്രസിഡന്റ് ഡി. സജീവ്, ബി. സജൻലാൽ,
തഴുത്തല എൻ. രാജു, കെ. നടരാജൻ, കെ. സുജയ്കുമാർ, ആർ. ഗാന്ധി, ആർ. അനികുമാർ, വി. പ്രശാന്ത്, ആർ. രാധാകൃഷ്ണൻ, ചിത്രാംഗദൻ, സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.