കൊല്ലം: കൊല്ലം എസ്.എൻ കോളേജിനെയും ഗുരുദേവ ദർശനങ്ങളെയും നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐയുടെ ഗൂഢനീക്കം ഇനി വിലപോകില്ലെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ അടിയന്തര കൗൺസിൽ യോഗം മുന്നറിയിപ്പ് നൽകി.
കോളേജ് യൂണിയൻ ഭാരവാഹികൾ സത്യവാചകം തിരുത്തി രക്തസാക്ഷിയുടെ പേരിൽ പ്രതിജ്ഞയെടുത്തത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. എസ്.എഫ്.ഐയുടെ വിദ്യാലയമല്ല എസ്.എൻ കോളേജ്. കർമ്മധീരനായ ആർ. ശങ്കറും ശ്രീനാരായണ ട്രസ്റ്റും ത്യാഗങ്ങളിലൂടെ നേടിയതാണ്. കോളേജിനെ എസ്.എഫ്.ഐയുടെ സ്വത്തായി ചിത്രീകരിക്കാനും പാർട്ടിയുടെ താന്തോന്നിത്തരം കാണിക്കാനുമുള്ളതല്ല. കോളേജ് അങ്കണം വിദ്യാർത്ഥികൾക്ക് ശാന്തമായി പഠിക്കാനുള്ളതാണ്.
പഠിപ്പ് മുടക്കിയും കലഹങ്ങൾ ഉണ്ടാക്കിയും കോളേജ് തകർത്തും എസ്.എൻ കോളേജിനെ നിരന്തരം ദ്രോഹിക്കുന്ന എസ്.എഫ്.ഐയുടെ കാടത്ത പ്രവർത്തനങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇനിയുമിത് വച്ചുപൊറുപ്പിക്കാനാവില്ല. പാർട്ടിക്ക് അഴിഞ്ഞാടാനുള്ളതല്ല എസ്.എൻ കോളേജെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഗുരുദേവന്റെ നാമധേയത്തിലുള്ള കോളേജിനെ രക്തസാക്ഷിയുടെ പേരിലുള്ള കോളേജാക്കി മാറ്റാൻ എസ്.എഫ്.ഐ നടത്തുന്ന തന്ത്രങ്ങൾക്ക് ഒടുവിലത്തെ ഉദാഹരണമാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രിൻസിപ്പൽ ചൊല്ലിക്കൊടുത്ത ദൃഢപ്രതിജ്ഞയുടെ അവസാനഭാഗത്ത് രക്തസാക്ഷിയുടെ പേര് തിരുകികയറ്റി കോളേജ് യൂണിയൻ ഭാരവാഹികൾ പ്രതിജ്ഞയെടുത്തതെന്ന് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു.