pathanapuram
മക്കളായ ശാന്തമ്മ ശാരദ എന്നിവർക്കൊപ്പം കേശവനാശാൻ

പത്തനാപുരം: അഞ്ചു തലമുറകളുടെ നാവിൽ അക്ഷരമധുരം പുരട്ടിയ 'ആശാന്' വയസ്സ് 119 ആയെങ്കിലും പട്ടാഴി പള്ളിമുക്ക് നാരായണസദനത്തിൽ നാളെയും പുതിയ തലമുറയിലെ കുരുന്നുകൾ ഹരിഃ ശ്രീ കുറിക്കും. ഇതുവരെ എത്ര കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിക്കാണുമെന്ന് ഇ.കെ. കേശവനാശാനും കണക്കൊന്നുമില്ല. 72 വർഷം കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു, ആശാൻ. പ്രായമായപ്പോൾ മതിയാക്കി. കാഴ്ചയ്ക്ക് ലേശം കുറവുള്ളത് മാറ്റിനിറുത്തിയാൽ ആരോഗ്യപ്രശ്നങ്ങളില്ല. ഓരോ വിജയദശമിയും ആശാന് അവസാനിക്കാത്ത ഓർമ്മകളുടേതു കൂടിയാണ്.

കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നപ്പോൾ വിജയദശമി ദിവസം രാവിലെ കുഞ്ഞുങ്ങളെയുംകൊണ്ട് അച്ഛനമ്മമാരുടെ തിരക്കായിരിക്കും. മണലിൽ വിരൽത്തുമ്പു പിടിച്ച് അക്ഷരമെഴുതിക്കുമ്പോൾ ആദ്യം കുഞ്ഞുങ്ങൾ കരയും. പനയോലയിൽ നാരായമുന കൊണ്ടായി, പിന്നെ. അക്കാലമൊക്കെ പോയി. ഇപ്പോഴത്തെ കുഞ്ഞുങ്ങൾ പനയോലയും നാരായവും കണ്ടിട്ടുപോലുമില്ല! മടിയിലിരുത്തി, താലത്തിൽ വിതറിയ ധാന്യത്തിലാണ് പുതിയ അക്ഷരമെഴുത്ത്.

ആശാൻ വിരൽ പിടിച്ച് ആദ്യക്ഷരമെഴുതിച്ചവരിൽ പലരും ഇന്ന് സർക്കാർ ഉദ്യോഗങ്ങളിൽ നിന്നു വിരമിച്ചു. സർവീസിൽ തുടരുന്നവരും വിദേശങ്ങളിൽ ജോലി കിട്ടിയവരും രാഷ്ട്രീയ നേതാക്കളുമൊക്കെയുണ്ട് കൂട്ടത്തിൽ. ഓണത്തിനും ക്രിസ്മസിനും അവധിദിവസങ്ങളിൽ സമ്മാനങ്ങളുമായി അവർ കാണാൻ വരും. പലരെയും ഓർമ്മ കാണില്ല. വീട്ടുപേരു പറയുമ്പോൾ ചിലരെ മനസ്സിലാകും. മക്കളെയും പേരക്കുട്ടികളെയും ആശാൻ തന്നെ എഴുത്തിനിരുത്തണമെന്ന് അവർക്കു നിർബന്ധം.

ഒരു രോഗത്തിനും ആശാൻ ഇന്നോളം ഇംഗ്ലീഷ് മരുന്നു കഴിച്ചിട്ടില്ല. ചിട്ടയായ ദിനചര്യ. പണ്ടു കഴിച്ച കലർപ്പില്ലാത്ത ഭക്ഷണം- ഇതല്ലാതെ ആരോഗ്യ രഹസ്യമൊന്നുമില്ല. പുലർച്ചെ അഞ്ചിന് ഉണരും. പ്രഭാതകൃത്യങ്ങൾക്കു ശേഷം ദേവീസ്തുതികൾ ആലപിക്കും. ആ ശീലത്തിന് മാറ്റമില്ല. പുതിയ കാലത്ത് കുടുപ്പള്ളിക്കൂടവും ആശാനുമൊന്നും ഇല്ലെങ്കിലും നാട്ടുകാർക്ക് ഇ.കെ. കേശവൻ ഇപ്പോഴും ആശാൻ തന്നെ.

ഭാര്യ പാറുകുട്ടിഅമ്മ ഇരുപതു വർഷം മുമ്പ്, 89-ാം വയസിൽ മരിച്ചു. അഞ്ചു മക്കളിൽ മൂത്ത മകനും മരണമടഞ്ഞു. രണ്ടാമത്തെ മകൻ രാമചന്ദ്രന് 87 വയസായി. എഴുപത്തിനാലുകാരിയായ മൂന്നാമത്തെ മകൾ ശാന്തമ്മയ്ക്കൊപ്പം കുടുംബവീട്ടിലാണ് ആശാന്റെ താമസം. ശാരദയും ഗോപാലകൃഷ്ണനുമാണ് മറ്റു മക്കൾ.