കൊല്ലം: നഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ പള്ളിമുക്കിന്റെ കഴുത്ത് ഞെരിക്കുന്ന അനധികൃത പാർക്കിംഗിനെതിരെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമിടയിൽ പ്രതിഷേധം കനക്കുന്നു. ദേശീയപാതയ്ക്ക് പുറമെ പള്ളിമുക്ക് - അയത്തിൽ റോഡ്, പള്ളിമുക്ക്, സോണൽ ഓഫീസ് റോഡ്, പള്ളിമുക്ക് - ഇരവിപുരം റോഡ് എന്നിവിടങ്ങളിലും അനധികൃത പാർക്കിംഗ് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
നടുറോഡിൽ ബൈക്കിലിരുന്ന് ഗെയിം കളി
നടുറോഡിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം അതിന് മുകളിൽ ഇരുന്നുള്ള യുവാക്കളുടെ ചായ കുടിയും മൊബൈൽ ഗെയിം കളിയും പള്ളിമുക്കിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചയാണ്. വൈകിട്ട് അഞ്ച് മണിയോടെ ഓരോരുത്തരായി എത്തിത്തുടങ്ങും. മിനിട്ടുകൾ കഴിയുന്തോറും വാഹനങ്ങളുടെയും ആളുകളുടെയും എണ്ണംകൂടും. രാത്രി ഏറെ വൈകും വരെ ഈ സംഘം ഇവിടെ തന്നെയുണ്ടാകും. ഈ സമയങ്ങളിൽ കാൽനടയാത്രക്കാർ ഉൾപ്പെടെ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്.
......................................................
'' സ്വന്തമായി പാർക്കിംഗ് സൗകര്യമുള്ള ഓഡിറ്റോറിയങ്ങളുടെ ലൈസൻസ് മാത്രമേ പുതുക്കുകയുള്ളുവെന്ന് നഗരസഭ കർശന നിലപാടെടുക്കണം. ഓഡിറ്റോറിയങ്ങൾ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയാൽ പള്ളിമുക്കിലെ ഗതാഗത പ്രശ്നം പകുതിയോളം പരിഹരിക്കപ്പെടും. മറ്റ് സ്ഥലങ്ങളിൽ അനാവശ്യമായി റോഡ് വക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം.''
എസ്. ഷമീർ (ഹയാത്ത് ഹോട്ടൽ ഉടമ)
''സംസ്ഥാനത്ത് മറ്റെല്ലായിടത്തും വികസനം വരികയാണ്. പക്ഷേ പള്ളിമുക്കിൽ അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലുമില്ല. ജംഗ്ഷനിൽ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ പോലും ഇടമില്ല. തിരക്കേറിയ സമയങ്ങളിൽ റോഡ് വക്കിലും നിൽക്കാനാകില്ല. കടത്തിണ്ണകളാണ് യാത്രക്കാർ ആശ്രയിക്കുന്നത്. പള്ളിമുക്ക് ജംഗ്ഷനിൽ കൂടി കടന്നുപോകുന്ന ഓടകൾ വൃത്തിയാക്കിയിട്ട് ഒരു വർഷം പിന്നിടുന്നു. മഴ പെയ്യുമ്പോൾ ഓട നിറഞ്ഞ് മലിനജലം ജംഗ്ഷനിലാകെ തളംകെട്ടും. ഇത് കച്ചവടക്കാർക്കും യാത്രക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. നഗരസഭാ ആരോഗ്യ വിഭാഗത്തിന് പലതവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. "
ഇ.എ. ഖാദർ (ഫോട്ടോഗ്രാഫേഴ്സ് അസോ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്)
" വെറുതെ വാഹനങ്ങൾ റോഡ് വക്കിൽ പാർക്ക് ചെയ്ത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പള്ളിമുക്കിൽ മാത്രമേയുള്ളു. വൈകിട്ട് അഞ്ച് മണിയോടെ പള്ളിമുക്ക് ജംഗ്ഷന്റെ ഒരു ഭാഗത്ത് തമ്പടിക്കുന്ന സംഘം രാത്രി വൈകും വരെ അവിടെയുണ്ടാകും. ഇതിൽ രാഷ്ട്രീയക്കാരുമുണ്ട്. പ്രതികരിച്ചാൽ തൊട്ടടുത്ത ദിവസം കൂടുതൽ ബൈക്ക് നിരത്തിയാകും പ്രതികാരം. നേരത്തെ പൊലീസ് പിഴ ചുമത്തുമായിരുന്നു. ഇപ്പോൾ അതുമില്ല.''
എ. നിസാർ (സ്വലേ സ്റ്റോർ ഉടമ)