stamp
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ തപാൽ പ്രദർശനം

കൊല്ലം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടത്തിയ പ്രകൃതിജീവന പാഠങ്ങളും തപാൽ പ്രദർശനവും ശ്രദ്ധേയമായി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ, സീനിയർ ജേർണലിസ്റ്റ് യൂണിയൻ, കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പ്രകൃതിജീവന ക്യാമ്പ് നടത്തിയത്.
വേവിക്കാത്ത പ്രകൃതിജന്യ വസ്‌തുക്കൾ ഉപയോഗിച്ചുള്ള ഭക്ഷണമാണ് തയ്യാറാക്കിയത്.
ജൈവ കൃഷിയിൽ വിളഞ്ഞ പച്ചക്കറികൾ ചേർത്ത വാഴക്കൂമ്പ്, മുരിങ്ങ തോരൻ, പപ്പായ എരിശേരി, ജൈവഅരി ചോറ്, പച്ചടി, സംഭാരം എന്നിവയെല്ലാം ചേർത്ത് പ്രകൃതിസദ്യയും വിളമ്പി. കരുനാഗപ്പള്ളി ബോയ്സ് സ്‌കൂൾ വളപ്പിൽ ഒരുക്കിയ തപാൽ പ്രദർശനം ഗാന്ധിജിയുടെ ജീവിതത്തിലേക്കുള്ള കാഴ്‌ചകളാണ് സമ്മാനിച്ചത്. ഗാന്ധിജിയുടെ ആഫ്രിക്കൻ ജീവിത മുഹൂർത്തങ്ങളും വിവിധ പ്രായങ്ങളിലെ ചിത്രങ്ങൾ പതിപ്പിച്ച തപാൽ കവറുകളും ആകർഷകമായി.
ഡോ. എൻ. രാധാകൃഷ്‌ണൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ പി. ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷനായി. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. രാജൻബാബു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, പ്രസിഡന്റ് പി.ബി. ശിവൻ, വി.പി. ജയപ്രകാശ് മേനോൻ, കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.കെ.ആർ. ജയകുമാർ ക്ലാസെടുത്തു.